
മുള്‍ട്ടാന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് പാകിസ്ഥാനിലെ മുള്‍ട്ടാന്‍ സ്റ്റേഡിയത്തില്‍ തുടക്കമായിരിക്കുകയാണ്. ആതിഥേയരായ പാകിസ്ഥാനും നേപ്പാളും തമ്മിലാണ് ഉദ്ഘാടന മത്സരം. മുള്‍ട്ടാനിലെ ഈ മത്സരം നടക്കുന്നത് ഏറെക്കുറെ കാലിയായ സ്റ്റേഡിയത്തിലാണ്. ഏഷ്യയിലെ ഏറ്റവും പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ആതിഥേയമരുളുന്ന പാകിസ്ഥാന് കാണികളെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാനായില്ല. എതിരാളികളായ നേപ്പാള്‍ താരതമ്യേന കുഞ്ഞന്‍ ടീമാണെങ്കിലും അത്ഭുതങ്ങള്‍ കാണിക്കാന്‍ ശേഷിയുള്ളവരാണ്. എന്നാല്‍ മുള്‍ട്ടാനില്‍ ഏഷ്യാ കപ്പ് തുടങ്ങുമ്പോള്‍ പകുതിയിലേറെ കസേരകളും ഗ്യാലറിയില്‍ കാലിയായിരുന്നു.
നേപ്പാളിനെതിരെ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടും മത്സരം കാണാന്‍ കാണികള്‍ കുറവായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഏതൊരു ടൂര്‍ണമെന്‍റിലെ ഓപ്പണിംഗ് മത്സരം കാണാന്‍ ടിക്കറ്റിനായി പിടിവലിയാണെങ്കില്‍ മുള്‍ട്ടാനില്‍ ഇത് കണ്ടില്ല. മത്സരത്തിന് മുമ്പ് പാക് ഗായകരുടെ പരിപാടിയുണ്ടായിട്ടും കാണാന്‍ കാണികള്‍ അധികമുണ്ടായിരുന്നില്ല. ഇതോടെ വലിയ ട്രോള്‍ പൂരമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ആരാധകരും നേരിടുന്നത്. നേപ്പാളിലെ ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയം നിറഞ്ഞുകവിയാറുള്ളത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ബാബറിന്‍റെ ബാറ്റിംഗ് കാണാന്‍ പോലും ആളില്ലേ എന്ന് ഇവര്‍ ചോദിക്കുന്നു. നേപ്പാളില്‍ യുഎഇയ്‌ക്ക് എതിരായ ക്രിക്കറ്റ് മത്സരം കാണാന്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞതിന്‍റെ ചിത്രം അടുത്തിടെ വൈറലായിരുന്നു.
ഏഷ്യാ കപ്പില്‍ പാകിസ്ഥാനില്‍ വച്ച് നാല് മത്സരങ്ങളാണ് നടക്കുന്നത്. അവശേഷിക്കുന്ന കളികള്‍ ശ്രീലങ്കയിലാണ്. ഏഷ്യാ കപ്പില്‍ ശ്രീലങ്കയില്‍ വച്ച് നടക്കുന്ന മത്സരങ്ങളില്‍ സ്റ്റേഡിയം നിറയും എന്ന പ്രതീക്ഷ ആരാധകര്‍ പങ്കുവെക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര ചെയ്യുന്നില്ല എന്നതിനാലാണ് പാകിസ്ഥാനിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ലങ്കയില്‍ വച്ച് നടത്തുന്നത്. ഇന്ത്യ പാകിസ്ഥാനെയും നേപ്പാളിനേയും ലങ്കയില്‍ വച്ചാണ് നേരിടുക. ലങ്കയിലെ ഇന്ത്യ- പാക് മത്സരത്തിനുള്‍പ്പടെ വലിയ കാണികളുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് ഈ മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!