Asianet News MalayalamAsianet News Malayalam

'ടീം ഇന്ത്യ പാകിസ്ഥാനൊരു ഭീഷണിയേ അല്ല'; ഇന്ത്യ- പാക് മത്സരത്തിന് മുമ്പ് വാക്‌പോര് തുടങ്ങി സല്‍മാന്‍ ബട്ട്

ഇന്ത്യക്കെതിരായ മത്സരങ്ങള്‍ക്കെല്ലാം മുമ്പ് വാക്‌പോര് തുടങ്ങുകയാണ് പാക് താരങ്ങളുടെ പതിവ്

Asia Cup 2023 Team India is no more a threat to Pakistan Salman Butt slams Indian batters jje
Author
First Published Aug 30, 2023, 4:24 PM IST

ലാഹോര്‍: ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ആവേശ മത്സരത്തിന്‍റെ ചൂട് ഉയര്‍ന്നുകഴിഞ്ഞു. സെപ്റ്റംബര്‍ രണ്ടിന് ശ്രീലങ്കയിലെ കാന്‍ഡിയിലാണ് ഈ മത്സരം. ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും ആവേശമാകാന്‍ പോകുന്ന മത്സരത്തിന് മുമ്പ് പതിവുപോലെ ടീം ഇന്ത്യയെ ചൊറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പാക് മുന്‍ താരങ്ങള്‍. 

ഇന്ത്യക്കെതിരായ മത്സരങ്ങള്‍ക്കെല്ലാം മുമ്പ് വാക്‌പോര് തുടങ്ങുകയാണ് പാക് താരങ്ങളുടെ പതിവ്. ഇത്തവണയും ആ രീതിക്ക് മാറ്റമില്ല. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തോണ്ടി മുന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട് രംഗത്തെത്തിയിരിക്കുകയാണ്. വിരാട് കോലിയും രോഹിത് ശര്‍മ്മയും കഴിഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ശുഷ്‌കമാണ് എന്നാണ് മുന്‍ നായകന്‍ കൂടിയായ ബട്ടിന്‍റെ പ്രതികരണം. ഇരുവരേയും ഇന്നിംഗ്‌സിന്‍റെ നേരത്തെ നഷ്‌ടമായാല്‍ ഇന്ത്യ ബാറ്റിംഗില്‍ പാടുപെടും എന്ന് ബട്ട് പറയുന്നു. 'വിരാട് കോലിയും രോഹിത് ശര്‍മ്മയും കഴിഞ്ഞാലുള്ള താരങ്ങള്‍ക്ക് കാര്യമായ പരിചയമില്ല. രോഹിത്തും കോലിയും അതിഗംഭീരമായി കളിക്കുന്ന മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ ജയിക്കാറ്' എന്നും ബട്ട് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

കരുത്തരായ താരങ്ങള്‍ കൂടുതല്‍ പാകിസ്ഥാനായതിനാല്‍ പാക് ടീമിന് ഇന്ത്യക്ക് മേല്‍ മുന്‍തൂക്കമുണ്ട് എന്നും സല്‍മാന്‍ ബട്ട് വ്യക്തമാക്കി. 'പാകിസ്ഥാന് ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ഷദാബ് ഖാനും ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫുമുണ്ട്. കോര്‍ ഗ്രൂപ്പ് കൂടുതല്‍ പാകിസ്ഥാനാണ്. ഇന്ത്യയുടെ മാച്ച് വിന്നര്‍മാര്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയുമാണ്. ഏറെ ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുമ്പോഴും പാകിസ്ഥാന് എതിരായ പോലത്തെ വന്‍ സമ്മര്‍ദ മത്സരങ്ങള്‍ കളിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്' എന്നും സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.  

Read more: തിരുവനന്തപുരത്തെ ഇന്ത്യയുടെ വാംഅപ് മത്സരം; ടിക്കറ്റ് വില്‍പന ഇന്ന് മുതല്‍, ബുക്ക് ചെയ്യാനുള്ള വഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios