
ഡൊമിനിക്ക: ലോക ക്രിക്കറ്റില്‍ ഏറ്റവും ഫിറ്റ്‌നസുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ഇന്ത്യയുടെ വിരാട് കോലി. കോലി ക്യാപ്റ്റനായ ശേഷം ഇന്ത്യന്‍ ടീമാകെ ഫിറ്റ്‌നസില്‍ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങി. അധികം പരിക്കേല്‍ക്കാതെയുള്ള കോലിയുടെ കരിയര്‍ ഈ ഫിറ്റ്‌നസ് പരിപാലനത്തിന്‍റെ ഫലമാണെന്ന് വിലയിരുത്തുന്നവരുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുമ്പ് ജിമ്മില്‍ വ്യായാമം ചെയ്യുന്ന കോലിയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
കോലി കാലുകളില്‍ വര്‍ക്കൗട്ട് നടത്തുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. എട്ട് വര്‍ഷമായി ഈ വ്യായാമം ചെയ്യുന്നതായി കോലി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. കാലിലെ മസിലുകള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിശീലനമാണിത്.
ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് വിരാട് കോലി ഇപ്പോഴുള്ളത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ആദ്യം നടക്കുക. ഇതിന് ശേഷം മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളും ഇന്ത്യക്ക് വിന്‍ഡീസിലുണ്ട്. വിന്‍ഡീസില്‍ മുമ്പ് കളിച്ച 9 ടെസ്റ്റുകളില്‍ 35.62 ശരാശരിയില്‍ 463 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ടെസ്റ്റ് കരിയറിലാകെ 109 മത്സരങ്ങള്‍ കളിച്ച കോലി 28 സെഞ്ചുറികള്‍ സഹിതം 48.73 ശരാശരിയില്‍ 8479 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഡൊമിനിക്കയില്‍ ജൂലൈ 12നാണ് ഇന്ത്യ-വിന്‍ഡീസ് ആദ്യ ടെസ്റ്റ് നടക്കുക. മത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്നലെ ഡൊമിനിക്കയില്‍ എത്തിയിരുന്നു.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.
Read more: മിന്നി മിന്നു മണി; അരങ്ങേറ്റ ഓവറിലെ നാലാം പന്തില്‍ വിക്കറ്റ്! വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം