ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ തന്‍റെ ആദ്യ ഓവറില്‍ തന്നെ മിന്നു വിക്കറ്റ് സ്വന്തമാക്കി
ധാക്ക: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനായി അരങ്ങേറിയ മലയാളി താരം മിന്നു മണിക്ക് മിന്നും തുടക്കം. ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ തന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ മിന്നു വിക്കറ്റ് സ്വന്തമാക്കി. ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ ഷമീമ സുല്‍ത്താനയെയാണ് മിന്നും മടക്കിയത്. 13 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം സുല്‍ത്താന 17 റണ്‍സെടുത്തു. സുല്‍ത്താനയെ മിന്നുവിന്‍റെ പന്തില്‍ ജെമീമ റോഡ്രിഗസ് പിടികൂടുകയായിരുന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ആദ്യ കേരള താരമാണ് മിന്നു മണി.
കാണാം വിക്കറ്റ്
മലയാളത്തിന്‍റെ മിന്നു
ഓള്‍റൗണ്ടറാണ് വയനാട് സ്വദേശിനിയായ മിന്നു മണി. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമായിരുന്നു. 30 ലക്ഷത്തിനാണ് മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് പാളയത്തിലെത്തിച്ചത്. ഇന്ത്യന്‍ എ ടീമിന്‍റെ നീലക്കുപ്പായത്തിലും മിന്നു ഇടം പിടിച്ചിരുന്നു. ഇടംകൈയന്‍ ബാറ്ററും സ്‌പിന്നറുമായ മിന്നുവിന് സീസണില്‍ ഡല്‍ഹിയുടെ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അരങ്ങേറാന്‍ അവസരം കിട്ടി. ബംഗ്ലാദേശ് പര്യടനത്തിലെ ട്വന്‍റി 20 ടീമില്‍ മാത്രമാണ് മിന്നുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ ബൗളിംഗില്‍ മികവ് കാട്ടി മിന്നു ആരാധകരുടെ പ്രതീക്ഷ കാത്തിരിക്കുകയാണ്.
ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്‌മൃതി മന്ഥാന(വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, യാസ്‌തിക ഭാട്യ(വിക്കറ്റ് കീപ്പര്‍), പൂജ വസ്‌ത്രക്കര്‍, ദീപ്‌തി ശര്‍മ്മ, അമന്‍ജോത് കൗര്‍, അനുഷ ബരെഡ്ഡി, മിന്നു മണി.
Read more: കേരളത്തിന് അഭിമാന നിമിഷം, മിന്നു മണിക്ക് അരങ്ങേറ്റം; ടോസ് ജയിച്ച് ഇന്ത്യന്‍ വനിതകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
