
ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്കോററായിട്ടും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയടിച്ച അഭിഷേക് ശര്‍മയെ മൂന്നാം നമ്പറിലിറക്കി യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങാനുള്ള ഗില്ലിന്‍റെ തീരുമാനത്തെയാണ് ആരാധകര്‍ വിമര്‍ശിച്ചത്.
ഓപ്പണറെന്ന നിലയില്‍ ഐപിഎല്ലിലും കഴിഞ്ഞ മത്സരത്തിലും അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത അഭിഷേക് ശര്‍മയെ മൂന്നാം നമ്പറിലേക്ക് മാറ്റി ഗില്‍ തന്നെ കഴിഞ്ഞ മത്സരത്തിലേതുപോലെ ഓപ്പണറായി ഇറങ്ങുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ അഭിഷേകിനാകട്ടെ പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കുന്നതുപോലെ തകര്‍ത്തടിക്കാന്‍ ആയതുമില്ല. 9 പന്തില്‍ 10 റണ്‍സെടുത്ത് അഭിഷേക് പുറത്തായി. ഒരു ബൗണ്ടറി മാത്രമാണ് അഭിഷേകിന് നേടാനായത്. കഴിഞ്ഞ മത്സരത്തില്‍ അഭിഷേക് 46 പന്തില്‍ സെഞ്ചുറി നേടിയിരുന്നു.
ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് പുതിയ ചുമതല; സിംബാബ്‌വെക്കെതിരായ പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍
പതിനെട്ടാം ഓവര്‍ വരെ ക്രീസില്‍ നിന്ന ഗില്‍ 49 പന്തില്‍ 134.69 പ്രഹരശേഷിയില്‍ 66 റണ്‍സ് നേടിയാണ് ഗില്‍ ടോപ് സ്കോററായത്. ആദ്യ മത്സരത്തിലും 31 റണ്‍സുമായി ഗില്‍ ടോപ് സ്കോററായെങ്കിലും ഇന്ത്യ മത്സരം തോറ്റിരുന്നു. അഭിഷേകിനെപ്പോലെ വെടിക്കെട്ട് ഓപ്പണറെ മൂന്നാമനാക്കി സ്വയം ഓപ്പണ്‍ ചെയ്യാനുള്ള ഗില്ലിന്‍റെ തീരുമാനത്തെ സ്വാര്‍ത്ഥതയെന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ വലം കൈ ഇടം കൈ ബാറ്റിംഗ് കോംബിനേഷന്‍ ഉറപ്പുവരുത്തുക മാത്രമാണ് ഗില്‍ ചെയ്തതെന്ന് ന്യായീകരിക്കുന്നവരുമുണ്ട്.
സിംബാബ്‌വെക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. ഗില്ലിന് പുറമെ യശസ്വി ജയ്സ്വാള്‍(27 പന്തില്‍ 36), രുതുരാജ് ഗെയ്ക്‌വാദ്(28 പന്തില്‍ 49), സഞ്ജു സാംസണ്‍(7 പന്തില്‍ 12*) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക