
ദോഹ: റൈസിംഗ് സ്റ്റാര്‍ ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന സെമി പോരാട്ടത്തില്‍ ബംഗ്ലാദേശിനോട് സൂപ്പര്‍ ഓവറില്‍ തോറ്റ് ഇന്ത്യ പുറത്തായതില്‍ ക്യാപ്റ്റൻ ജിതേഷ് ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സടിച്ചപ്പോള്‍ ഇന്ത്യയും 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സടിച്ചതിനെ തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങി 15 പന്തില്‍ നാലു സിക്സും രണ്ട് ഫോറും പറത്തി 253.33 സ്ട്രൈക്ക് റേറ്റില്‍ 38 റണ്‍സടിച്ച യുവതാരം വൈഭവ് സൂര്യവന്‍ഷിയും 23 പന്തില്‍ 44 റണ്‍സടിച്ച പ്രിയാന്‍ഷ് ആര്യയും ഉണ്ടായിട്ടും സൂപ്പര്‍ ഓവറില്‍ ക്രീസിലെത്തിയത് 23 പന്തില്‍ 32 റണ്‍സെടുത്ത ക്യാപ്റ്റൻ ജിതേഷ് ശര്‍മയായിരുന്നു.
ജിതേഷിനൊപ്പം 11 പന്തില്‍ 17 റണ്‍സെടുത്ത രമണ്‍ദീപ് സിംഗാണ് ഇന്ത്യക്കായി സൂപ്പര്‍ ഓവറില്‍ ക്രീസിലെത്തിയത്. റിപ്പണ്‍ മൊണ്ഡലാണ് ബംഗ്ലാദേശിനായി സൂപ്പര്‍ ഓവര്‍ എറിയാനെത്തിയത്. യോര്‍ക്കറായിരുന്ന റിപ്പണിന്‍റെ ആദ്യ പന്തില്‍ റിവേഴ്സ് സ്കൂപ്പിന് ശ്രമിച്ച ജിതേഷ് ബൗള്‍ഡായപ്പോള്‍ അടുത്ത പന്തില്‍ അശുതോഷ് ശര്‍മയെ എക്സ്ട്രാ കവറില്‍ സവാദ് അബ്രാര്‍ ക്യാച്ചെടുത്ത് പുറത്താക്കയതോടെ ഇന്ത്യ സൂപ്പര്‍ ഓവറില്‍ റണ്ണെടുക്കാതെ ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗില്‍ സൂപ്പര്‍ ഓവറില്‍ ഒരു റണ്ണായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ സുയാഷ് ശര്‍മ ബംഗ്ലാദേശ് താരം യാസിര്‍ അലിയെ ഔട്ടാക്കിയെങ്കിലും അടുത്ത പന്ത് വൈഡായതോടെ ബംഗ്ലാദേശ് ജയിച്ച് സെമിയിലെത്തി.
വൈഡായ പന്തിലാണെങ്കിലും ലഭിച്ച സ്റ്റംപിംഗ് അവസരം ജിതേഷ് ശര്‍മ നഷ്ടമാക്കുകയും ചെയ്തു. പവര്‍ ഹിറ്റര്‍മാരായ പ്രിയാന്‍ഷ് ആര്യയും വൈഭവ് സൂര്യവന്‍ഷിയും ഡഗ് ഔട്ടിലിരിക്കുമ്പോള്‍ സൂപ്പര്‍ ഓവറില്‍ സ്വയം ബാറ്റിംഗിനിറങ്ങാനുള്ള ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയുടെ തീരുമാനമാണ് മത്സരത്തില്‍ ഇന്ത്യയുടെ ജയം തടഞ്ഞതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. സൂപ്പര്‍ ഓവറില്‍ നിരാശനായി ഡഗ് ഔട്ടിലിരിക്കുന്ന വൈഭവിന്‍റെ ചിത്രങ്ങളും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫിനിഷറെന്ന നിലയില്‍ സൂപ്പര്‍ ഓവറില്‍ ഇറങ്ങാനുള്ള തീരുമാനം താൻ തന്നെയാണ് എടുത്തതെന്ന് ജിതേഷ് സമ്മതിച്ചെങ്കിലും ക്യാപ്റ്റന്‍റെ പക്വതയില്ലായ്മക്കെതിരെ ആരാധകര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
നേരത്തെ ബംഗ്ലാദേശ് ഇന്നിംഗ്സില്‍ അവസാന രണ്ടോവറില്‍ 15 പന്തിലാണ് ബംഗ്ലാദേശ് 50 റൺസിലേറേ അടിച്ചെടുത്ത് 194 റണ്‍സിലെത്തിയത്. പത്തൊമ്പതാം ഓവര്‍ പാര്‍ട് ടൈം സ്പിന്നറായ നമാന്‍ ദിറിന് നല്‍കിയ ജിതേഷിന്‍റെ തീരുമാനവും പാളിയിരുന്നു. 28 റണ്‍സാണ് ആ ഓവറില്‍ ബംഗ്ലാദേസ് അടിച്ചെടുത്തത്.ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ശ്രീലങ്കയെ തോല്‍പിച്ച പാകിസ്ഥാനും ഫൈനലിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക