
ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിര്‍ണായക ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യൻ ടീമില്‍ രണ്ട് മാറ്റങ്ങൾ വരുത്തി.പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ അക്സര്‍ പട്ടേലിന് പകരം ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. കോര്‍ബിന്‍ ബോഷിന് പകരം സെനുരാന്‍ മുത്തുസാമി ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ തകർന്നടിഞ്ഞതോടെ ഗുവാഹത്തിയിലെ പിച്ചിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സൂചനകൾ അനുസരിച്ച് ഗുവാഹത്തിയിലെ ആദ്യ ടെസ്റ്റിനായി ഒരുക്കുന്നത് പേസും ബൗൺസുമുള്ള വിക്കറ്റ്. എങ്കിലും മൂന്നാംദിനം മുതൽ സ്പിന്നർമാർക്ക് കളിയുടെ ഗതിനിശ്ചയിക്കാനാവുമെന്നതിനാല്‍ ടോസ് ജയിച്ച ദക്ഷിണാഫ്രിക്കക്ക് മുന്‍തൂക്കമുണ്ട്.
കെ എൽ രാഹുൽ, യശസ്വീ ജയ്സ്വാൾ,റിഷഭ് പന്ത്,ധ്രുവ് ജുറൽ, വാഷിംഗ്ടൺ സുന്ദർ രവീന്ദ്ര ജഡേജ എന്നിവർ ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചാവും ഇന്ത്യയുടെ സാധ്യത. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് കുൽദീപ് എന്നിവരാണ് സ്പെഷ്യലിസ്റ്റ് ബൗളർമാർ. ഇന്ത്യയിൽ ആദ്യ പരമ്പര വിജയം ലക്ഷ്യമിടുന്ന ടെംബ ബാവുമയും സംഘവും ആദ്യടെസ്റ്റിലെ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.
കേശവ് മഹാരാജ്, സൈമൺ ഹാർമർ സ്പിൻ ജോഡിയാവും ഇന്ത്യക്ക് കനത്ത വെല്ലുവിളിയാവുക. പരിക്കേറ്റ കാഗിസോ റബാഡയ്ക്ക് പകരം ലുംഗി എൻഗിഡിയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുവാഹത്തിയിൽ അസ്തമയം നേരത്തേ ആയതിനാൽ അരമണിക്കൂർ നേരത്തേ, രാവിലെ ഒൻപതിനാണ് കളി തുടങ്ങുക.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: എയ്ഡൻ മാർക്രം, റിയാൻ റിക്കൽട്ടൺ, വിയാൻ മൾഡർ, ടെംബ ബാവുമ(ക്യാപ്റ്റൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്‌സ്, കെയ്ൽ വെറെയ്‌നെ, മാർക്കോ യാൻസൻ, സെനുറൻ മുത്തുസാമി, സൈമൺ ഹാർമർ, കേശവ് മഹാരാജ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: കെഎൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ധ്രുവ് ജുറെൽ, ഋഷഭ് പന്ത്(ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!