
ധരംശാല: ദക്ഷണാഫ്രിക്കക്കെതിരായ മൂന്നാം ടി20യില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഗോള്‍ഡന്‍ ഡക്കാവുന്നതില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍. ഇന്നലെ ദക്ഷിണഫ്രിക്കക്കെതിരെ 118 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. വലിയ വിജയലക്ഷ്യം മുന്നിൽ ഇല്ലാത്തതിനാല്‍ സമ്മർദ്ദമേതുമില്ലാതെയാണ് അഭിഷേകും ഗില്ലും ക്രീസിലെത്തിയത്. ലുങ്കി എൻഗിഡി എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ അഭിഷേക് ശര്‍മ മൂന്നാം നാലും പന്തുകള്‍ ബൗണ്ടറി കടത്തി എന്‍ഗിഡിയുടെ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സടിച്ചതോടെ ഇന്ത്യയുടെ തുടക്കം ഗംഭീരമായി.
രണ്ടാം ഓവര്‍ എറിയാനെത്തിയത് മാര്‍ക്കോ യാന്‍സനായിരുന്നു. ഗില്ലിനെതിരെ ആദ്യ പന്ത് ലെഗ് സ്റ്റംപിന് പുറത്തെറിഞ്ഞ യാന്‍സന്‍ വൈഡ് വഴങ്ങി. എന്നാല്‍ അടുത്ത പന്തില്‍ യാന്‍സന്‍ ഗില്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഞെട്ടിച്ചു. യാന്‍സന്‍റെ അപ്പീലിന് വിരലുയര്‍ത്താന്‍ അമ്പയര്‍ ജയറാം മദനഗോപാലിന് ഒരു നിമിഷം പോലും ചിന്തിക്കേണ്ടിവന്നില്ല. ഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡന്‍ ഡക്കാവുന്നതുതകണ്ട് ആരാധകരും അവിശ്വസനീയതയോടെ തലയില്‍ കൈവച്ചു. എന്നാല്‍ തൊട്ടടുത്ത നിമിഷം അമ്പയറുടെ തീരുമാനം ഗില്‍ റിവ്യു ചെയ്തു. ഒറ്റനോട്ടത്തില്‍ ഔട്ടെന്ന് ഉറപ്പിച്ച തീരുമാനം റിവ്യൂവില്‍ പക്ഷെ പന്ത് പാഡില്‍ കൊള്ളുന്നതിന് മുമ്പ് ഗില്ലിന്‍റെ ബാറ്റില്‍ പന്തിന്‍റെ ഒരു തൂവൽസ്പര്‍ശം ഉണ്ടെന്ന് കണ്ടെത്തിയതോടെ ഗില്ലിനും ഗംഭീറിനും ഒരുപോലെ ശ്വാസം വീണു. അമ്പയറുടെ തീരുമാനം മാറ്റേണ്ടിവന്നു. ഇല്ലായിരുന്നെങ്കില്‍ ഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി മടങ്ങിയേനെ.
ജീവന്‍ കിട്ടിയ ഗില്‍ അടുത്ത പന്ത് ബൗണ്ടറി കടത്തി. പിന്നീട് ഒട്ട്നീല്‍ ബാര്‍ട്മാന്‍റെ ഓവറില്‍ രണ്ട് ബൗണ്ടറികളും മാര്‍ക്കോ യാന്‍സന്‍റെ ഓവറിൽ ഒരു ബൗണ്ടറിയും നേടി ഗില്‍ 12 പന്തില്‍ 20 റണ്‍സുമായി അഭിഷേകിന്‍റെ മിന്നലടികൾക്കൊപ്പം തുടക്കത്തില്‍ കട്ടക്ക് പിടിച്ചു നിന്നു. ഇതിനിടെ പലതവണ ഗില്ലിനെ ഭാഗ്യം തുണച്ചു. എന്നാല്‍ അഭിഷ് ശര്‍മ ആറാം ഓവറിലെ രണ്ടാം പന്തില്‍ പറത്തായതോടെ ഗില്‍ ടെസ്റ്റ് കളിക്കാന്‍ തുടങ്ങി. നേരിട്ട ആദ്യ 12 പന്തില്‍ 20 റണ്‍സെടുത്തിരുന്ന ഗില്‍ പിന്നീട് ഒരു ബൗണ്ടറി കൂടി നേടി പന്ത്രണ്ടാം ഓവറില്‍ പുറത്തായി. മാര്‍ക്കോ യാന്‍സന്‍റെ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ ഗില്‍ നേടിയത് 28 പന്തില്‍ 28 റണ്‍സായിരുന്നു. ആദ്യ 12 പന്തുകള്‍ക്ക് ശേഷം നേരിട്ട 16 പന്തില്‍ 8 റണ്‍സാണ് ഗില്‍ നേടിയത്. ഇതിനിടെ ചെറിയ വിജയലക്ഷ്യമായിരുന്നതിനാല്‍ ടെസ്റ്റിലെന്ന പോലെ പന്ത് ലീവ് ചെയ്യാൻ പോലും ഗില്‍ ശ്രമിച്ചിരുന്നു.
ഓപ്പണിംഗില്‍ മോശം ഫോമിന്‍റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ഗില്ലിന് ഇന്നലെ സമ്മര്‍ദ്ദമേതുമില്ലാതെ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയിട്ടും അത് മുതലാക്കാതിരുന്നത് ആരാധകരുടെ വിമര്‍ശനത്തനും കാരണമായി. ആരാധക പ്രതികരണങ്ങള്‍ ഇങ്ങനെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!