ടി20 ലോകകപ്പും കൊവിഡ് ഭീഷണിയില്‍..? ചര്‍ച്ചയ്‌ക്കൊരുങ്ങി ഐസിസി

By Web TeamFirst Published Mar 24, 2020, 12:57 PM IST
Highlights

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ദുബായിലെ ആസ്ഥാനം അടച്ചിട്ടു. യുഎഇയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

ദുബായ്: കൊവിഡ് ലോകകമെമ്പാടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒക്ടോബറില്‍ നടക്കേണ്ട ടി20 ലോകകപ്പിന്റെ കാര്യം ഐസിസി ചര്‍ച്ച ചെയ്യും. ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കേണ്ടത്. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ആറ് മാസം വേണ്ടിവരുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യം ഐസിസി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ദുബായിലെ ആസ്ഥാനം അടച്ചിട്ടു. യുഎഇയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ജീവനക്കാരുടെ സാമൂഹിക അകലം ഉറപ്പുവരുത്താനാണ് ഐസിസിയുടെ നീക്കം.  ഐസിസി ഓഫീസിലെ ജീവനക്കാരോട് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തര മത്സരങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച ഐസിസി യോഗം ചേരും.

ജീവനക്കാരെയും കുടുംബങ്ങളെയും സമൂഹത്തെയും സുരക്ഷിതമാക്കി ഐസിസിയുടെ പ്രവര്‍ത്തനം സുഗമമായി നടപ്പാക്കാനാണ് ശ്രമിക്കുന്നത്' എന്ന് ഐസിസി പ്രതിനിധി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.നേരത്തെ വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ബിസിസിഐ ഉദ്യോഗസ്ഥര്‍ നിലവില്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.

click me!