ബിസിസിഐയില്‍ ശുദ്ധികലശത്തിന് ദാദ; സൗരവ് ഗാംഗുലിയുടെ ലക്ഷ്യങ്ങള്‍ ഇതൊക്കെ

By Web TeamFirst Published Oct 14, 2019, 7:42 PM IST
Highlights

ബിസിസിഐയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്കാണ് പുതിയ പ്രസിഡന്‍റ് സൗരവ് ഗാംഗുലി തയ്യാറെടുക്കുന്നത്

മുംബൈ: കര്‍ക്കശക്കാരനായ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ തലപ്പത്തെത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. പ്രതിസന്ധികളും സങ്കീര്‍ണതകളും കൊണ്ട് ബിസിസിഐ ഞാണില്‍മേല്‍ കളിക്കുന്ന കാലത്താണ് ദാദ ബോര്‍ഡിന്‍റെ തലപ്പത്ത് കസേരയുറപ്പിക്കുന്നത്. 2000ലെ വാതുവയ്‌പ് ചതിക്കുഴിയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്തിയ ദാദ അതേ ആര്‍ജവം കാട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുവ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കിക്കൊണ്ടായിരുന്നു അന്ന് ദാദയുടെ മാസ്റ്റര്‍ പ്ലാനുകളെല്ലാം. 

ബിസിസിഐ പ്രസിഡന്‍റായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയിടുന്നതായുള്ള ഗാംഗുലിയുടെ വാക്കുകള്‍ ആരാധകര്‍ക്ക് പകരുന്ന പ്രതീക്ഷ ചെറുതല്ല. യുവ താരങ്ങള്‍ക്കും ദാദയുടെ വാക്കുകള്‍ വലിയ ആശ്വാസമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം സങ്കീര്‍ണ കാലയളവായിരുന്നു. ഏവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടം തനിക്കും ടീമിനും സ്വന്തമാക്കാനാകും എന്ന് കരുതുന്നു. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പഴയപടിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ- ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു. 

'പ്രാഥമിക പരിഗണന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്'

പുതിയ പ്രസിഡന്‍റിന്‍റെ പരിഗണനകള്‍ എന്തൊക്കെയായിരിക്കും എന്നും ഗാംഗുലി വ്യക്തമാക്കി. 'ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനാകും താന്‍ പ്രാഥമിക പരിഗണന നല്‍കുക. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനായി എന്നും വാദിച്ചിരുന്നയാളാണ് താന്‍, ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അടിത്തറ തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റാണ്. യുവ താരങ്ങളുടെ വളര്‍ച്ചക്കായി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ആഭ്യന്തര താരങ്ങളുടെ പ്രതിഫലം ഉയര്‍ത്താന്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലവും ആവശ്യമുയര്‍ത്തിയിരുന്നു.  

ഭരണസംവിധാനങ്ങള്‍ കാര്യക്ഷകമാക്കും എന്നതും പ്രധാനമാണ്. ഭരണത്തില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ബിസിസിഐ ഓഫീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ക‍ാര്യക്ഷമമാക്കണം. ലോകകപ്പ് സെമി ഫൈനലില്‍ പുറത്തായ ശേഷം ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. അണിയറയിലെ പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് മികച്ച ക്രിക്കറ്റ് സൃഷ്ടിക്കുന്നത്. എല്ലാം കൃത്യമായ പാതയിലും രീതിയിലുമാണെന്ന് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യം. 

ഇരട്ട പദവിയിലെ കുരുക്കഴിക്കല്‍

ഇരട്ട പദവി പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സങ്കീര്‍ണ വിഷയമാണ്, അതിലും ഇടപെടേണ്ടതുണ്ട്. വിവിധ മേഖലകളില്‍ നിയമിക്കപ്പെട്ടവര്‍- നാഷണല്‍ ക്രിക്കറ്റ് അക്കാദമി, ക്രിക്കറ്റ് ഉപദേശക സമിതി, ബാറ്റിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച്...എല്ലായിടത്തും ഇരട്ട പദവിയുടെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ പ്രശ്‌നമായി വിലയിരുത്തുന്നു. 

ഐസിസിയില്‍ നിന്ന് ലഭിക്കേണ്ട തുക മൂന്നുനാലു വര്‍ഷം ലഭിച്ചില്ല. വരുമാനത്തില്‍ 70-75 ശതമാനം ഇവിടെ തന്നെ കണ്ടെത്തുകയായിരുന്നു. ഐസിസിയില്‍ നിന്ന് പണം തിരികെയെത്തിക്കുക എന്നത് പ്രധാനപ്പെട്ട അജണ്ടയാണ്' എന്നും ദാദ പറഞ്ഞു. ബിസിസിഐ തെരഞ്ഞെടുപ്പ് നടക്കുന്ന 23-ാം തിയതി പുതിയ പ്രസിഡന്‍റായി സൗരവ് ഗാംഗുലി ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. എതിരില്ലാതെയാണ് ഗാംഗുലി അടക്കമുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. എന്നാല്‍ വെറും 10 മാസക്കാലമാണ് ഗാംഗുലിക്ക് പ്രസിഡന്‍റ് സ്ഥാനത്തിരിക്കാനാവുക. 

click me!