ലോകകപ്പില്‍ വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി ഐസിസി; കടുത്ത എതിര്‍പ്പുമായി ബിസിസിഐ

By Web TeamFirst Published Oct 14, 2019, 7:29 PM IST
Highlights

ടി20 ലോകകപ്പ് എല്ലാ വര്‍ഷവും സംഘടിപ്പിച്ചാല്‍ ബിസിസിഐയുടെ നേതൃത്വത്തിലുള്ള ഐപിഎല്ലിന് അത് വന്‍ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

ദുബായ്: ടി20, ഏകദിന ലോകകപ്പ് നടത്തിപ്പില്‍ വമ്പന്‍ പരിഷ്കാരത്തിനുള്ള നിര്‍ദേശവുമായി ഐസിസി. ടി20 ലോകകപ്പ് എല്ലാ വര്‍ഷവും നടത്താനും ഏകദിന ലോകകപ്പ് മൂന്ന് വര്‍ഷത്തിലൊരിക്കലാക്കാനുമാണ് ഐസിസിയുടെ നിര്‍ദേശം. 2023നുശേഷം പുതിയ രീതിയില്‍ ടൂര്‍ണമെന്റുകള്‍ നടത്താനുള്ള ഐസിസി നിര്‍ദേശത്തെ ബിസിസിഐ എതിര്‍ത്തു.
ബിസിസിഐയുടെ വരുമാനം ഗണ്യമായി കുറക്കുന്നതാകും ഐസിസി നടപടിയെന്നാണ് വിലയിരുത്തല്‍.

ടി20 ലോകകപ്പ് എല്ലാ വര്‍ഷവും സംഘടിപ്പിച്ചാല്‍ ബിസിസിഐയുടെ നേതൃത്വത്തിലുള്ള ഐപിഎല്ലിന് അത് വന്‍ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. ഐസിസി ചീഫ് എക്സിക്യൂട്ടീവ് മീറ്റിംഗില്‍ വന്ന നിര്‍ദേശത്തെ യോഗത്തില്‍ പങ്കെടുത്ത ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി ശക്തമായി എതിര്‍ത്തു.

ഐപിഎല്ലില്‍ നിന്നും ഇന്ത്യയുടെ ഹോം-എവേ സീരീസുകളില്‍ നിന്നുമായി ബ്രോഡ്കാസ്റ്റര്‍മാരില്‍ നിന്ന് വന്‍തുകയാണ് ഇപ്പോള്‍ ബിസിസിഐക്ക് ലഭിക്കുന്നത്. ഐസിസി നിര്‍ദേശം നടപ്പിലായാല്‍ സ്വാഭാവികമായും ബ്രോഡ്കാസ്റ്റര്‍മാര്‍ ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളാകും തെരഞ്ഞെടുക്കുക.

ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന സൗരവ് ഗാംഗുലിക്കും സെക്രട്ടറിയാവാനൊരുങ്ങുന്ന ജെയ് ഷായ്ക്കും മുന്നിലുള്ള പ്രധാന വെല്ലുവിളിയാവും ഐസിസിയുടെ നിര്‍ദേശമെന്നാണ് സൂചന.

click me!