
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് കനത്ത തോൽ ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കർ. ലോകകപ്പിലെ തുടർ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗാവസ്കർ വെടിക്കെട്ട് ഓപ്പണര്‍ക്ക് ഉപദേശവുമായി രംഗത്തെതതിയത്.
ലോകകപ്പിലെ ആദ്യ മൂന്ന് കളികളിലും പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയ അഭിഷേക് ശർമ്മ ദക്ഷിണാഫ്രിക്കക്കെതിരെ 12 പന്തിൽ 15 റൺസെടുത്ത് പുറത്തായിരുന്നു. ഇഷാൻ കിഷനും തിലക് വർമ്മയും പരാജയപ്പെട്ട മത്സരത്തിൽ ഇന്ത്യയുടെ ഏക പ്രതീക്ഷ അഭിഷേകിലായിരുന്നു. എന്നാൽ മാർക്കോ യാൻസന്‍റെ പന്തിൽ അഭിഷേക് പുറത്തായതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ 26/3 ലേക്ക് കൂപ്പുകുത്തി.
അഭിഷേകിന് മികച്ച ഷോട്ട് റേഞ്ചുണ്ട്, അതുകൊണ്ട് തന്നെ അയാൾ ക്രീസിൽ സമയം ചെലവഴിക്കാൻ തയ്യാറാകണം. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ സിക്സറോ ബൗണ്ടറിയോ അടിക്കാൻ ശ്രമിക്കണമെന്നില്ല. ആദ്യം ഒരു സിംഗിൾ എടുത്ത് അക്കൗണ്ട് തുറക്കാൻ നോക്കൂ. തുടക്കത്തിൽ നാല് ഡോട്ട് ബോളുകൾ വന്നാലും കുഴപ്പമില്ല, പിന്നീട് അത് നികത്താൻ അഭിഷേകിന് കഴിയും. വലിയ ഷോട്ടുകൾക്കായി അഭിഷേക് സ്വയം നിർബന്ധിക്കരുതെന്നും ഗവാസ്കര്‍ കമന്‍ററിയില്‍ പറഞ്ഞു.
ഏഷ്യ കപ്പിൽ 302 റൺസ് അടിച്ചുകൂട്ടി ടൂർണമെന്‍റിലെ ടോപ്പ് സ്കോററായ അഭിഷേകിന് ലോകകപ്പിൽ ഇതുവരെ ഫോമിലായിട്ടില്ല. യുഎസ്എ, പാകിസ്ഥാൻ, നെതർലൻഡ്‌സ് എന്നിവർക്കെതിരായ മത്സരങ്ങളിൽ അഭിഷേക് പൂജ്യത്തിന് പുറത്തായിരുന്നു. അവസാന ഒമ്പത് ഇന്നിംഗ്സുകളിൽ അഞ്ച് തവണയാണ് അഭിഷേക് പൂജ്യത്തിന് പുറത്തായത്.
ലോക ഒന്നാം നമ്പർ ടി20 ബാറ്ററായിട്ടും അഭിഷേക് നിർണായക മത്സരങ്ങളിൽ പതറുന്നത് ഇന്ത്യക്ക് വലിയ തലവേദനയാണ്. നിലവിൽ സഞ്ജു സാംസൺ ടീമിൽ അവസരം കാത്തിരിക്കുന്നുണ്ടെങ്കിലും, നായകൻ സൂര്യകുമാർ യാദവോ പരിശീലകൻ ഗൗതം ഗംഭീറോ അഭിഷേകിനെ കൈവിടാൻ സാധ്യതയില്ലെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!