
പോർട്ട് ഓഫ് സ്‌പെയിൻ: ടെസ്റ്റ് ക്രിക്കറ്റിന്‍റെ 148 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അപൂര്‍വ റെക്കോർഡ് സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജസ്റ്റിൻ ഗ്രീവ്സ്. പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ, തുടർച്ചയായ അഞ്ച് ഓവറുകളിൽ ഒരു റൺസ് പോലും വിട്ടുകൊടുക്കാതെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാണ് ഗ്രീവ്സ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ട്രിനിഡാഡിലെ ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ മൂന്നാം ദിനത്തിലായിരുന്നു ഗ്രീവ്‌സിന്‍റെ റെക്കോര്‍ഡ് പ്രകടനം. മത്സരത്തിൽ വെറും 11 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ ഗ്രീവ്സ് നേടി. ഗ്രീവ്‌സിന്‍റെ കരിയറിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്. 2016-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടർച്ചയായി 4 വിക്കറ്റ് മെയ്ഡൻ ഓവറുകൾ എറിഞ്ഞ ഇംഗ്ലണ്ട് ഇതിഹാസ താരം സ്റ്റുവർട്ട് ബ്രോഡിന്‍റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
സെഞ്ചുറി നേടിയ ഷാൻ മസൂദിന്‍റെ കരുത്തിൽ 3 വിക്കറ്റിന് 244 റൺസ് എന്ന അതിശക്തമായ നിലയിലായിരുന്നു പാകിസ്ഥാൻ. എന്നാൽ പന്തുമായി ഗ്രീവ്സ് എത്തിയതോടെ കളി മാറിമറിഞ്ഞു. ക്രീസിൽ നിലയുറപ്പിച്ച ഷാൻ മസൂദിനെ പുറത്താക്കി തുടങ്ങിയ ഗ്രീവ്സ് പിന്നാലെ ആമിർ ജമാൽ, അലി ഉസ്മാൻ, മുഹമ്മദ് റിസ്‌വാൻ എന്നിവരടങ്ങുന്ന പാക് മധ്യനിരയെ എറിഞ്ഞൊതുക്കി. തുടർച്ചയായ അഞ്ച് ഓവറുകളിൽ പാക് ബാറ്റർമാർക്ക് ഗ്രീവ്സിന്‍റെ ബൗളിംഗിൽ റണ്ണടിക്കാൻ സാധിച്ചില്ല. ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴേക്കും പാകിസ്ഥാൻ 267/8 എന്ന നിലയിലേക്ക് തകർന്നു വീണു. ഇടവേളയ്ക്ക് ശേഷം മുഹമ്മദ് അബ്ബാസിനെയും മടക്കി അയച്ച് ഗ്രീവ്സ് റെക്കോർഡും അഞ്ച് വിക്കറ്റ് നേട്ടവും പൂർത്തിയാക്കി.
🚨Justin Greaves claims his maiden five-wicket haul in Test cricket. 🇼🇸
Figures: 11 overs, 5/27
- Pakistan: 267/9 (72 overs), trail by 44 runs. pic.twitter.com/eiZDyVLSiz— Talha Nawaz (@TalhaDigital007) July 27, 2026
244/3 എന്ന നിലയിൽ നിന്ന് പാകിസ്ഥാൻ വെറും 282 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 29 റൺസിന്‍റെ നിർണായക ലീഡും സ്വന്തമാക്കി. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വിന്‍ഡീസും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 126-7 എന്ന നിലയിലാണ് വിന്‍ഡീസ്. 3 വിക്കറ്റ് മാത്രം കൈയിലിരിക്കെ ആകെ 155 റണ്‍സിന്‍റെ ലീഡാണ് വിന്‍ഡീസിനുള്ളത്. 5 റണ്‍സുമായി കെമര്‍ റോച്ചും 22 റണ്‍സുമായി ഷമര്‍ ജോസഫുമാണ് ക്രീസില്‍. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസ് 311 റണ്‍സെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!