
മുംബൈ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിട്ടുള്ള പോരാട്ടത്തിനായി ഇന്ത്യൻ ടീം യാത്ര തിരിക്കുമെന്നും മറ്റ് കാര്യങ്ങൾ അവിടെ എത്തിയ ശേഷം തീരുമാനിക്കാമെന്നും സൂര്യകുമാര്‍ യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകകപ്പിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ വാർത്താ സമ്മേളനത്തിലാണ് സൂര്യകുമാറിന്‍റെ പ്രതികരണം.
ഞങ്ങൾ കൊളംബോയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഞങ്ങൾ എന്തായാലും കൊളംബോയിലേക്ക് പോകും, ബാക്കി കാര്യങ്ങൾ അവിടെ ചെന്നിട്ട് നോക്കാം എന്നായിരുന്നു സൂര്യകുമാർ യാദവ് പറഞ്ഞത്. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന്‍റെ തന്ത്രങ്ങളെക്കുറിച്ചും ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷത്തെക്കുറിച്ചും സൂര്യകുമാർ യാദവ് പ്രതികരിച്ചു. ടീമിലെ ഓരോ അംഗവും വ്യക്തിഗത നേട്ടങ്ങൾക്ക് പകരം ടീമിന്‍റെ വിജയത്തിനായി കളിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. തിലകിന്‍റെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും പരിക്കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സൂര്യ മറുപടി നല്‍കി. പരിക്കുമൂലം ന്യൂസിലൻഡ് പരമ്പര നഷ്ടമായ തിലത് തിരിച്ചെത്തിയപ്പോൾ കൂടുതൽ കരുത്തനായി മാറിയെന്ന് സൂര്യകുമാർ ചൂണ്ടിക്കാട്ടി.
വാഷിംഗ്ടണുമായി ഞങ്ങൾ സംസാരിച്ചു. അദ്ദേഹം തിരിച്ചുവരവിന്‍റെ പാതയിലാണ്. സുന്ദറിന്‍റെ കാര്യത്തിൽ ഞങ്ങൾ തിടുക്കം കാണിക്കില്ല, പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ ടീം ക്ഷമയോടെ കാത്തിരിക്കും. ലോകകപ്പില്‍ രാത്രിയിലെ മഞ്ഞുവീഴ്ച പ്രശ്നമാകും. എങ്കിലും നമുക്ക് നിയന്ത്രിക്കാനാവാത്ത കാര്യങ്ങളെക്കുറിച്ച് അധികം തലപുകയ്ക്കാനില്ലെന്നും സൂര്യ പറഞ്ഞു.
ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാൻ സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. സുരക്ഷാപ്രശ്നങ്ങള്‍ ഉന്നയിച്ച് ബംഗ്ലാദേശ് ഇന്ത്യയിലേക്ക് ടീമിനെ അയക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് അവരെ ടൂർണമെന്‍റിൽ നിന്ന് ഒഴിവാക്കിയത്. പകരം സ്കോട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഇതിൽ പ്രതിഷേധിച്ചു ബംഗ്ദാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ്ണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ബഹിഷ്കരണ തീരുമാനം സ്ഥിരീകരിച്ചത്. പാകിസ്ഥാന്‍റെ നിലപാടിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ രംഗത്തെത്തിയിരുന്നു. ഒരു ടൂർണമെന്‍റിൽ ചില ടീമുകൾക്കെതിരെ മാത്രം കളിക്കില്ലെന്ന് തീരുമാനിക്കുന്നത് കായിക മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു. മത്സരത്തിൽ നിന്ന് പാകിസ്ഥാൻ വിട്ടുനിന്നാൽ ഇന്ത്യക്ക് 2 പോയിന്‍റ് ലഭിക്കുമെങ്കിലും, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ കടുത്ത അച്ചടക്ക നടപടികളോ വിലക്കോ ഉണ്ടാകാൻ സാധ്യതയുണ്ട്.
ശനിയാഴ്ചയാണ് ലോകകപ്പ് പോരാട്ടങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാൻ ഗ്രൗണ്ടിലിറങ്ങിയില്ലെങ്കിൽ ഇന്ത്യക്ക് വാക്കോവർ വഴി ജയം ലഭിച്ചേക്കും. ഇതിനായി ഇന്ത്യൻ ടീം ഗ്രൗണ്ടില്‍ ഹാജരാവേണ്ടതുണ്ടെന്നതിനാലാണ് ടീം കൊളംബോയിലേക്ക് പോകുന്നത്. ഇന്ത്യയും ഗ്രൗണ്ടിലിറങ്ങിയില്ലെങ്കില്‍ മത്സരം റദ്ദായതായിട്ടാവും പ്രഖ്യാപിക്കുക. ഇതോടെ പോയന്‍റ് പങ്കിടേണ്ടിവരും. എന്നല്‍ ഇന്ത്യ ഇറങ്ങുകയും പാകിസ്ഥാന്‍ ഇറങ്ങാതിരിക്കുകയും ചെയ്താല്‍ മാത്രമെ ഇന്ത്യക്ക് വാക്കോവര്‍ വഴി 2 പോയന്‍റ് ലഭിക്കു. പാകിസ്ഥാന് പോയന്‍റൊന്നും ലഭിക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!