റാഷിദ് ഖാൻ, ഇബ്രാഹിം സദ്രാൻ, റഹ്മാനുള്ള ഗുർബാസ്, അസ്മത്തുള്ള ഒമർസായി, അല്ലാഹ് ഗസൻഫർ എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങൾക്ക് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശ്രമം അനുവദിച്ചു.

കാബൂള്‍:ഏഷ്യൻ ഗെയിംസിനുള്ള അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. റാഷിദ് ഖാൻ അടക്കം മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ദർവീഷ് റസൂലിയാണ് ഏഷ്യൻ ഗെയിംസിൽ അഫ്ഗാൻ ടീമിനെ നയിക്കുന്നത്. മുൻ ക്യാപ്റ്റനും ഓൾ റൗണ്ടറുമായ മുഹമ്മദ് നബിയുടെ മകൻ ഹസൻ ഈസാഖിലും 15 അംഗ ടീമിലിടം നേടി. ബാറ്ററായ ഈസാഖിൽ ഇതുവരെ സീനിയ‍ർ ടീമിനായി അരങ്ങേറിയിട്ടില്ല. 41 ടി20 മത്സരങ്ങളിൽ നിന്നായി 1,094 റൺസ് ഈസാഖിൽ നേടിയിട്ടുണ്ട്.

കരീം ജനത്, നജീബുള്ള സദ്രാൻ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾ ടീമിലുണ്ടെങ്കിലും, റാഷിദ് ഖാൻ, ഇബ്രാഹിം സദ്രാൻ, റഹ്മാനുള്ള ഗുർബാസ്, അസ്മത്തുള്ള ഒമർസായി, അല്ലാഹ് ഗസൻഫർ എന്നിവരുൾപ്പെടെയുള്ള മുൻനിര താരങ്ങൾക്ക് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശ്രമം അനുവദിച്ചു. ഇന്ത്യയും പാക്കിസ്ഥാനുമടക്കമുള്ള മറ്റ് പ്രധാന ടീമുകൾ കരുത്തുറ്റ നിരയെ പ്രഖ്യാപിച്ചപ്പോഴാണ് അഫ്ഗാനിസ്ഥാൻ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് രണ്ടാം നിര ടീമിനെ അയക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Scroll to load tweet…

ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് തുടങ്ങിയ പ്രമുഖ താരങ്ങളുമുണ്ട്. സാഹിബ്സാദ ഫർഹാന്‍റെ നേതൃത്വത്തിലാണ് പാക്കിസ്ഥാൻ ഇറങ്ങുന്നത്. 2023-ലെ ഹാംഗ്ഷൗ ഏഷ്യൻ ഗെയിംസിൽ അഫ്ഗാനിസ്ഥാൻ വെള്ളി മെഡൽ നേടിയിരുന്നു. സെമിഫൈനലിൽ പാക്കിസ്ഥാനെ തകർത്താണ് അഫ്ഗാൻ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഫൈനലിൽ ഇന്ത്യയോട് തോറ്റെങ്കിലും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. ഇത്തവണ പ്രമുഖരുടെ അഭാവത്തിലും ആ പ്രകടനം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് യുവനിര.

ഏഷ്യൻ ഗെയിംസിനുള്ള അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം: ദർവീഷ് റസൂലി (ക്യാപ്റ്റൻ), മുഹമ്മദ് ഇഷാഖ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് അക്രം, ഹസൻ ഈസാഖിൽ, ഖാലിദ് തനിവാൾ, ഇമ്രാൻ മീർ, ഫൈസൽ ഖാൻ ഷിനോസാദ, നജീബുള്ള സദ്രാൻ, ഫർമാനുള്ള സാഫി, ഇസ്മത്ത് ആലം, കരീം ജനത്, നംഗ്യാൽ ഖരോട്ടി, അറബ് ഗുൽ മൊമന്ദ്, ഫരീദൂൺ ദാവൂദ്‌സായി, അബ്ദുള്ള അഹമ്മദ്‌സായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക