ആധുനിക ക്രിക്കറ്റില്‍ ഏറ്റവും സ്വാധീനശക്തിയുള്ള താരമാണ് അദ്ദേഹം; കോലിയെ പുകഴ്ത്തി മുന്‍ ഓസീസ് ക്യാപ്റ്റന്‍

By Web TeamFirst Published Nov 16, 2020, 6:14 PM IST
Highlights

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പരിശീലകന്‍ എന്നാണ് അദ്ദേഹത്തെ കുറിച്ച് പലര്‍ക്കുള്ള അഭിപ്രായം.

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഗ്രേഗ് ചാപ്പല്‍. ആധുനിക ക്രിക്കറ്റില്‍ ഏറ്റവും സ്വാധീന ശക്തിയുള്ള ക്രിക്കറ്ററാണ് കോലിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുമ്പ് ഇന്ത്യയുടെ പരിശീലകന്‍ കൂടിയായിരുന്നു ചാപ്പല്‍. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പരിശീലകന്‍ എന്നാണ് അദ്ദേഹത്തെ കുറിച്ച് പലര്‍ക്കുള്ള അഭിപ്രായം. 2007 ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്താവുമ്പോല്‍ ചാപ്പലായിരുന്നു ഇന്ത്യയുടെ പരിശീലകന്‍.

കോലി ശക്തമായ കാഴ്ചപാടുകള്‍ ഉള്ള വ്യക്തിയാണെന്നും ചാപ്പല്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ലോകക്രിക്കറ്റില്‍ ഏറ്റവും സ്വാധീന ശക്തിയുള്ള താരമാണ് കോലി. ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. കോലിക്ക് ടെസ്റ്റ് കളിക്കാന്‍ ഇഷ്ടമുള്ളതുകൊണ്ടാണ് ആ ഫോര്‍മാറ്റിനോട് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇത്രത്തോളം താല്‍പര്യമുണ്ടായത്.

ടെസ്റ്റ് മത്സരങ്ങളോട് താത്പര്യമില്ലെങ്കില്‍ അത് തീര്‍ച്ചയായും ആ ഫോര്‍മാറ്റിനോടുള്ള ആരാധകരുടെ ഇഷ്ടത്തെയും ബാധിക്കും. കോലി കളിക്കുന്നിടത്തോളം കാലം ഇന്ത്യ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികവ് തുടരും. മാത്രമല്ല, അടിയുറച്ച് നിലപാടുള്ള വ്യക്തികൂടിയാണ് കോലി. അവ തുറന്നുപറയുന്നതില്‍ അദ്ദേഹം ഒരു മടിയും കാണിക്കാറില്ല.'' ചാപ്പല്‍ പറഞ്ഞുനിര്‍ത്തി. 

ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ് കോലി. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങലും നാല് ടെസ്റ്റും ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കും. എന്നാല്‍ ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് തിരിക്കും. ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവുമായി ബന്ധപ്പെട്ടാണ് കോലി മടങ്ങുന്നത്. കോലിയില്ലാത്തത് നഷ്ടമാകുമെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍, ബൗളര്‍മാരായ നതാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ അഭിപ്രായപ്പെട്ടിരുന്നു.

click me!