മദ്യപിച്ച് വാഹനമോടിച്ചു; മുന്‍ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്കെതിരെ കേസ്

Published : May 07, 2026, 12:09 PM IST
David Warner

Synopsis

മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് സിഡ്‌നിയില്‍ പോലീസ് കേസെടുത്തു. പരിശോധനയില്‍ വാര്‍ണറുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് അനുവദനീയമായ പരിധിയുടെ ഇരട്ടിയിലധികമാണെന്ന് കണ്ടെത്തി.

സിഡ്‌നി: പരിധിയില്‍ കൂടുതല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണറും ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടറിന്റെ ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണര്‍ക്കെതിരെ പോലീസ് കേസെടുത്തു. സിഡ്‌നിയിലെ ഈസ്റ്റേണ്‍ സബര്‍ബ്‌സില്‍ വെച്ച് നടത്തിയ പരിശോധനയില്‍ വാര്‍ണറുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് അനുവദനീയമായ പരിധിയുടെ ഇരട്ടിയിലധികമാണെന്ന് കണ്ടെത്തി. ഏപ്രില്‍ 5നായിരുന്നു കേസിനാസ്പദമായ സംഭവം. പരിശോധനയില്‍ 0.104 ശതമാനം മദ്യത്തിന്റെ സാന്നിധ്യമാണ് വാര്‍ണറുടെ രക്തത്തില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച സിഡ്‌നി കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ വാര്‍ണര്‍ നേരിട്ട് ഹാജരായിരുന്നില്ല. തുടര്‍ന്ന് കേസ് ജൂണ്‍ 24ലേക്ക് മാറ്റി.

ഡേവിഡ് വാര്‍ണര്‍ തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് സമ്മതിക്കുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബോബി ഹില്‍ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ''താന്‍ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് അറിയാം. ഒരു ടാക്‌സി വിളിക്കുന്നതിന് പകരം സ്വന്തമായി വാഹനമോടിക്കാന്‍ തീരുമാനിച്ചത് തികച്ചും വിവേകശൂന്യമായ പ്രവൃത്തിയായിരുന്നു. ചെയ്ത കാര്യത്തില്‍ അദ്ദേഹം ഖേദിക്കുന്നു.'' അഭിഭാഷകന്‍ വ്യക്തമാക്കി. സുഹൃത്തിന്റെ വീട്ടില്‍ നടന്ന വിരുന്നില്‍ മൂന്ന് ഗ്ലാസ് വൈന്‍ കഴിച്ച ശേഷമാണ് വാര്‍ണര്‍ വാഹനമോടിച്ചത്.

മദ്യം കഴിച്ച് 11 മിനിറ്റിനുള്ളില്‍ പോലീസ് അദ്ദേഹത്തെ തടഞ്ഞതായും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. സാധാരണ പൗരന്മാര്‍ക്ക് ലഭിക്കുന്ന അതേ ശിക്ഷാ നടപടികള്‍ നേരിടാന്‍ വാര്‍ണര്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഈ സംഭവം സിഡ്‌നി തണ്ടര്‍ ടീമിലെ വാര്‍ണറുടെ ക്യാപ്റ്റന്‍ സ്ഥാനത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്. വാര്‍ണര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവകരമാണെന്നും സുരക്ഷിതമായ ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിക്കുന്ന തങ്ങള്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും ക്രിക്കറ്റ് ന്യൂസൗത്ത് വെയ്ല്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ലീ ജര്‍മ്മന്‍ പറഞ്ഞു.

2024ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാര്‍ണര്‍, ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ്. 112 ടെസ്റ്റുകളില്‍ നിന്നായി 8,786 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. നേരത്തെ 2018-ലെ പന്തുചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വാര്‍ണര്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആരേയും തോല്‍പ്പിക്കാന്‍ പോന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; ടീമില്‍ വന്ന മാറ്റത്തെ കുറിച്ച് പാറ്റ് കമ്മിന്‍സ്
'അപമാനവും അവഗണനയും മാത്രം'; തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി മനോജ് തിവാരി