
കൊല്‍ക്കത്ത: 2026ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നാലെ പാര്‍ട്ടി വിട്ട മുന്‍ ക്രിക്കറ്റ് താരവും കായിക മന്ത്രിയുമായ മനോജ് തിവാരി പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. തന്റെ മന്ത്രിസ്ഥാനം വെറുമൊരു 'ലോലിപോപ്പ്' മാത്രമായിരുന്നുവെന്നും സീനിയര്‍ കായിക മന്ത്രി അരൂപ് ബിശ്വാസ് തന്നെ നിരന്തരം അപമാനിക്കുകയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും തിവാരി വെളിപ്പെടുത്തി.
ബംഗാളിന്റെ കായിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് 2021ല്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്ന് തിവാരി പറഞ്ഞു. ''ജയിച്ചു വന്നപ്പോള്‍ എനിക്ക് തന്ന മന്ത്രിസ്ഥാനം വെറുമൊരു ലോലിപോപ്പ് മാത്രമായിരുന്നു. ചായയും ബിസ്‌ക്കറ്റും കഴിക്കുക എന്നതല്ലാതെ കായിക വകുപ്പില്‍ എനിക്ക് മറ്റ് ജോലികളൊന്നും ഉണ്ടായിരുന്നില്ല. അരൂപ് ബിശ്വാസ് എന്നെ ഒരു പ്രവര്‍ത്തനവും നടത്താന്‍ അനുവദിച്ചില്ല.'' അദ്ദേഹം ആരോപിച്ചു.
2025ല്‍ ലയണല്‍ മെസ്സിയുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ചും തിവാരി പ്രതികരിച്ചു. സംഘാടനത്തിലെ പിഴവ് മൂലം മെസ്സി മിനിറ്റുകള്‍ക്കുള്ളില്‍ മടങ്ങിയത് വലിയ നാണക്കേടായിരുന്നു. ''മെസ്സിയുടെ പരിപാടി വലിയ ദുരന്തമാകുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ആ പരിപാടി ബഹിഷ്‌കരിച്ചത്. എല്ലാ ഘട്ടത്തിലും അവര്‍ എന്നെ അപമാനിച്ചു. വേദിയിലേക്ക് പോലും എന്നെ കൃത്യമായി ക്ഷണിച്ചില്ല. അരൂപ് ബിശ്വാസ് കാരണമാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മെസ്സിയെ കാണാന്‍ കഴിയാതെ പോയത്.'' തിവാരി പറഞ്ഞു.
ബംഗാളിലെ കായിക നയം മോശമാണെന്നും അതുകൊണ്ടാണ് പ്രതിഭയുള്ള കായികതാരങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതെന്നും തിവാരി ചൂണ്ടിക്കാട്ടി. തന്നെ വെറുമൊരു തിരഞ്ഞെടുപ്പ് ആയുധമായി മാത്രമാണ് പാര്‍ട്ടി ഉപയോഗിച്ചതെന്നും അഞ്ച് വര്‍ഷത്തെ രാഷ്ട്രീയ ജീവിതം നിരാശാജനകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിവാരിയുടെ ആരോപണങ്ങളോട് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയുള്ള ഇത്തരം വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!