ആരേയും തോല്‍പ്പിക്കാന്‍ പോന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; ടീമില്‍ വന്ന മാറ്റത്തെ കുറിച്ച് പാറ്റ് കമ്മിന്‍സ്

Published : May 07, 2026, 11:16 AM IST
Sunrisers Hyderabad

Synopsis

ഐപിഎല്ലിലെ തുടക്കത്തിലെ പോരായ്മകൾക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദ് അപകടകാരികളായ ടീമായി മാറിയിരിക്കുന്നു. ആക്രമണത്തിനൊപ്പം പക്വതയും ചേർത്ത പുതിയ തന്ത്രമാണ് ടീമിന്റെ വിജയത്തിന് പിന്നിലെന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വ്യക്തമാക്കുന്നു.

ഹൈദരാബാദ്: തുടക്കത്തിലെ പോരായ്മകള്‍ക്ക് ശേഷം ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ ടീമായി മാറികൊണ്ടിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് കിംഗ്‌സിനെ പരാജയപ്പെടുത്തിയതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ സണ്‍റൈസേഴ്‌സ്, പ്ലേ ഓഫ് ഉറപ്പിക്കാനായുള്ള കുതിപ്പിലാണ്. 2024ല്‍ ഫൈനലില്‍ എത്തിയ സണ്‍റൈസേഴ്‌സ്, 2025ല്‍ അമിത ആക്രമണശൈലി തിരിച്ചടിച്ചതിനെത്തുടര്‍ന്ന് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. എന്നാല്‍ ഈ സീസണില്‍ ആക്രമണത്തിനൊപ്പം പക്വതയും ചേര്‍ത്തുവച്ചുള്ള പുതിയ തന്ത്രമാണ് ടീം പുറത്തെടുക്കുന്നത്.

ഈ സീസണില്‍ കളിച്ച 11 മത്സരങ്ങളില്‍ എട്ടു തവണയും 200-ന് മുകളില്‍ റണ്‍സ് കണ്ടെത്താന്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമിന് സാധിച്ചു. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും തങ്ങളുടെ സ്വാഭാവികമായ അക്രമിച്ച് കളിക്കുന്ന രീതി തുടരുമ്പോള്‍, മധ്യനിരയില്‍ ഹെന്റിച്ച് ക്ലാസന്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ സാഹചര്യം അനുസരിച്ച് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുന്‍ സീസണുകളില്‍ എല്ലാ വിക്കറ്റുകളും ആക്രമണത്തിനായി ബലികഴിച്ചിരുന്ന രീതിയില്‍ നിന്ന് മാറി, ഓരോ പിച്ചിലെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ഇപ്പോള്‍ സണ്‍റൈസേഴ്‌സിന് സാധിക്കുന്നുണ്ട്. 'ഞങ്ങള്‍ ഒരു പ്രത്യേക ടോട്ടല്‍ ലക്ഷ്യം വെച്ചല്ല കളിക്കുന്നത്, കളി പുരോഗമിക്കുന്നതിനനുസരിച്ച് കൃത്യമായ മാറ്റങ്ങള്‍ വരുത്താന്‍ ടീമിന് സാധിക്കുന്നുണ്ട്.' എന്ന് നായകന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

നാലാം നമ്പറില്‍ ഇറങ്ങുന്ന ഹെന്റിച്ച് ക്ലാസന്‍ 11 മത്സരങ്ങളില്‍ നിന്ന് 494 റണ്‍സുമായി ബാറ്റിംഗിന്റെ നട്ടെല്ലായി നില്‍ക്കുന്നു. ഇത്തവണ അമിതവേഗതയ്ക്ക് പകരം സ്ഥിരതയ്ക്കാണ് ക്ലാസന്‍ മുന്‍ഗണന നല്‍കുന്നത്. 210 സ്‌ട്രൈക്ക് റേറ്റില്‍ 475 റണ്‍സ് നേടിയ അഭിഷേക് ശര്‍മ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാമതുണ്ട്. ഇഷാന്‍ കിഷനാവട്ടെ 186 സ്‌ട്രൈക്ക് റേറ്റില്‍ 409 റണ്‍സുമായി മികച്ച പിന്തുണ നല്‍കുന്നു. ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനദ്കട്ട് എന്നിവരെ ഒഴിവാക്കി ടീമില്‍ വരുത്തിയ മാറ്റങ്ങള്‍ ബൗളിംഗ് നിരയെ കൂടുതല്‍ കരുത്തുറ്റതാക്കി. യുവതാരങ്ങളുടെയും പാറ്റ് കമ്മിന്‍സിന്റെയും മികച്ച പ്രകടനം അവസാന ഓവറുകളില്‍ ടീമിന് തുണയാകുന്നുണ്ട്.

നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുള്ള സണ്‍റൈസേഴ്‌സിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനി മൂന്ന് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവര്‍ക്കെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത പോരാട്ടങ്ങള്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അപമാനവും അവഗണനയും മാത്രം'; തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി മനോജ് തിവാരി
ആശ്വാസജയം തേടി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്; പ്ലേ ഓഫ് ഉറപ്പിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു