ദ്രാവിഡിന് പകരം ധോണി എങ്ങനെ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞു? കാരണം വ്യക്തമാക്കി കിരണ്‍ മോറെ

By Web TeamFirst Published Dec 10, 2020, 5:13 PM IST
Highlights

2004ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടാവാനായിരുന്നു വിധി. അവിടെ നിന്ന് ഇന്ത്യയുടെ എക്കാലയത്തേും മികച്ച ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ധോണി മാറി.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ ക്യാപ്റ്റനാണ് എം എസ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരെന്ന് ചോദിച്ചാല്‍ ഒട്ടും സംശയിക്കാതെ പറയുന്ന മറുപടി ധോണിയുടെ പേരായിരിക്കും. 2004ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടാവാനായിരുന്നു വിധി. അവിടെ നിന്ന് ഇന്ത്യയുടെ എക്കാലയത്തേും മികച്ച ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും ധോണി മാറി. മൂന്ന് ഫോര്‍മാറ്റിലുമായി 15,000 റണ്‍സിലധികം ധോണി നേടി. 

ധോണി ടീമിലെത്തുന്നതിന് മുമ്പ് രാഹുല്‍ ദ്രാവിഡായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ദിനേശ് കാര്‍ത്തിക്, പാര്‍ത്ഥിവ് പട്ടേല്‍, അജയ് രത്ര തുടങ്ങിയവരെല്ലാം വന്നും പോയികൊണ്ടിരുന്നു. എന്നാല്‍ ദ്രാവിഡില്‍ ത്‌ന്നെയായിരുന്നു ടീം മാനേജ്‌മെന്റ് കൂടുതല്‍ വിശ്വാസം ചെലുത്തിയത്. 73 മത്സരങ്ങളില്‍ ദ്രാവിഡ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി. സ്റ്റംപിന് പിന്നില്‍ 71 കാച്ചുകളും 13 സ്റ്റംപിങ്ങുകളും ദ്രാവിഡ് നടത്തി. ഇപ്പോള്‍ ദ്രാവിഡിന് പകരം ധോണിയെ കൊണ്ടുവരാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സെലക്റ്റര്‍ കിരണ്‍ മോറെ.

ദ്രാവിഡ് അദ്ദേഹത്തിന്റെ കരയറില്‍ മറ്റൊരു ഘട്ടത്തിലേക്ക് മാറികൊണ്ടിരിക്കെയാണ് ധോണിയെ കൊണ്ടുവന്നതെന്നാണ് മോറെ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ദ്രാവിഡ് ഏതാണ്ട് 70ല്‍ കൂടുതല്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നു. മാത്രമല്ല അദ്ദേഹം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്ന സമയമായിരുന്നത്. ദ്രാവിഡിന് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു. പവര്‍ ഹിറ്ററായ ഒരു വിക്കറ്റ് കീപ്പറെയാണ് ഇന്ത്യ അന്ന് നോക്കികൊണ്ടിരുന്നത്. ധോണി അല്ലാതെ വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ് എന്നീ ബിഗ് ഹിറ്റര്‍മാര്‍ ടീമിലുണ്ടായിരുന്നു. അതേ രീതിയിലുള്ള വിക്കറ്റ് കീപ്പറായിരുന്നു ലക്ഷ്യം. 

അങ്ങനെയാണ് 2003ല്‍ ധോണിയെ ഇന്ത്യയുടെ എ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. കെനിയയില്‍ ഒരു ടൂര്‍ണമെന്‍റില്‍ ധോണി 600ല്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുത്തു. ആ പ്രകടനം ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലും തുറന്നുകൊടുത്തു.'' മോറെ പറഞ്ഞുനിര്‍ത്തി.

click me!