പാണ്ഡ്യ എന്തുകൊണ്ട് ടെസ്റ്റില്‍ കളിക്കുന്നില്ല? കാരണം വ്യക്തമാക്കി വിരാട് കോലി

By Web TeamFirst Published Dec 10, 2020, 4:45 PM IST
Highlights

ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. കോലി പോകുന്നതോടെ ടീമിന്റെ ബാറ്റിങ് ശക്തി കുറയുമെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നിലുള്ളത്. നാല് ടെസ്റ്റുകളാണ് ഇന്ത്യ ഓസ്‌ട്രേലിയ കളിക്കുക. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുത്തു വെല്ലുവിളിയാണിത്. ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നതാണ് പ്രധാന പ്രശ്‌നം. ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. കോലി പോകുന്നതോടെ ടീമിന്റെ ബാറ്റിങ് ശക്തി കുറയുമെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്.

ഇതിനിടെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഫോമിലായ ഹാര്‍ദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് പലരും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാം മറുപടി പറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പന്തെറിയുന്ന ഹാര്‍ദിക്കിനെയാണ് ടെസ്റ്റ് ടീമിന് ആവശ്യമെന്നാണ് കോലി പറയുന്നത്. ''നിശ്ചിത ഓവര്‍ ക്രിക്കറ്റിനെ പോലെയല്ല ടെസ്റ്റ് മത്സരങ്ങള്‍. ആ ഫോര്‍മാറ്റില്‍ നിന്ന് വ്യ്ത്യസ്തമാണ് ടെസ്റ്റ് മത്സരങ്ങള്‍. ഹാര്‍ദിക്കിന് ഇപ്പോള്‍ പന്തെറിയാനാവില്ല. പന്തെറിയുന്ന ഹാര്‍ദിക്കിനെയാണ്  ടീം ഇന്ത്യക്ക് ആവശ്യം. തിരിച്ചുവരണമെന്ന് ഹാര്‍ദിക്കിനും ആഗ്രഹമുണ്ട്. ഓള്‍റൗണ്ടറായി മികവ് തെളിയിക്കുന്ന ഹാര്‍ദിക്കിനെയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിന് ആവശ്യം.'' കോലി പറഞ്ഞു. 

ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പന്തെറിഞ്ഞിരുന്നു. രണ്ടാം ഏകദിനത്തിലാണ് പാണ്ഡ്യ പന്തെടുത്തത്. സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ താരം പന്തെടുത്തിരുന്നില്ല. ഇക്കഴിഞ്ഞ ഐപിഎല്ലിലും പാണ്ഡ്യ പന്തെറിഞ്ഞിരുന്നില്ല. അടുത്ത ലോകകപ്പിലേക്ക് മുഴുവന്‍ ശക്തിയോടെ തിരിച്ചെത്തുമെന്നായിരുന്നു ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പാണ്ഡ്യ നല്‍കിയ മറുപടി.

click me!