എന്തിനാണ് വെപ്രാളം ? ഞാന്‍ അതിഥിയല്ല; മുന്‍ ബീഹാര്‍ ടീം ക്യാപ്റ്റന്റെ വീട് ധോണിയുടെയും വീടായിരുന്നു

By Web TeamFirst Published Aug 18, 2020, 3:07 PM IST
Highlights

ഇപ്പോള്‍ ധോണിയുമായി ബന്ധപ്പെട്ട ഒരനുഭവം പങ്കുവെക്കുകയാണ് മുന്‍ ബീഹാര്‍ ടീം ക്യാപ്റ്റനായ ആദില്‍ ഹുസൈന്‍. ധോണി ഒരിക്കല്‍ വീട്ടിലേക്ക് വന്ന സംഭവമാണ് ധോണി ഓര്‍ത്തെടുക്കുന്നത്.

റാഞ്ചി: അധികം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാത്ത താരമായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. സമൂഹ മാധ്യമങ്ങളിലും കൂടുതല്‍ സജീവമായി കാണാറില്ല. വിരമിക്കല്‍ പ്രഖ്യാപനം പോലും നടത്തിയത് മാധ്യമങ്ങള്‍ക്ക് മുന്നിലല്ല. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു. ഒരു വിടവാങ്ങല്‍ മത്സരത്തിന് പോലും നില്‍ക്കാതെയാണ് അദ്ദേഹം പാഡഴിച്ചത്‌.

ഇപ്പോള്‍ ധോണിയുമായി ബന്ധപ്പെട്ട ഒരനുഭവം പങ്കുവെക്കുകയാണ് മുന്‍ ബീഹാര്‍ ടീം ക്യാപ്റ്റനായ ആദില്‍ ഹുസൈന്‍. ധോണി ഒരിക്കല്‍ വീട്ടിലേക്ക് വന്ന സംഭവമാണ് ധോണി ഓര്‍ത്തെടുക്കുന്നത്. ആദിലിന്റെ വാക്കുകള്‍... ''18 മാസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ധോണിയെ അവസാനമായി കണ്ടത്. ഒരിക്കല്‍ ഡിന്നറിനായി ധോണി വീട്ടിലെത്തുകയായിരുന്നു. ധോണിയെ പോലെ ഒരു വലിയതാരം വീട്ടിലേക്കെത്തുന്നത് എന്നില്‍ വെപ്രാളമുണ്ടാക്കി. ഇക്കാര്യം ശ്രദ്ധിച്ച ധോണി എന്നോട് ചോദിച്ചു. 

എന്തിനാണ് ഇത്രത്തോളം വെപ്രാളപ്പെടുന്നത്..? ഞാന്‍ നിങ്ങളുടെ അതിഥിയല്ല. ഇത് എന്റെ സ്വന്തം വീടാണെന്നാണ്. അദ്ദേഹം ഒരിക്കലും പ്രശസ്തി ആഗ്രഹിച്ചിരുന്ന വ്യക്തിയല്ല. അത്തരം കാര്യങ്ങളില്‍ ധോണിക്ക് താല്‍പര്യവും ഉണ്ടായിരുന്നില്ല.'' ആദില്‍ ഹുസൈന്‍ പറഞ്ഞു. 

ധോണിക്കൊപ്പം രഞ്ജി ട്രോഫിയില്‍ അരങ്ങേറിയ അമീര്‍ ഹാഷ്മിക്കും ധോണിയെ കുറിച്ച് നൂറ് നാവ്. ഇത്രത്തോളം വിനയത്തോടെ സംസാരിക്കുന്ന അല്ലെങ്കില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ലെന്നാണ് ഹാഷ്മി പറയുന്നത്. ''മുമ്പ് എങ്ങനെയായിരുന്നോ ധോണി അതുതന്നെയാണ് അയാളിപ്പോഴും. 2011 ലോകകപ്പ് നേട്ടത്തിന് ശേഷം ഒരിക്കല്‍ റാഞ്ചിയില്‍ വച്ച് ധോണിയെ കണ്ടു. 

എന്നാണോ അദ്ദേഹത്തെ അവസാനം കണ്ട് അതുപോലെയാണ് ധോണി അന്നും സംസാരിച്ചത്. അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറാണെന്ന തോന്നല്‍ അന്നും ഇന്നും ഇല്ലായിരുന്നു.'' ഹാഷ്മി പറഞ്ഞു.

click me!