'ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ക്ക് കാരണം രാഹുല്‍ ദ്രാവിഡ്'; അദ്ദേഹത്തിന്റെ പരിശീലന കാലയളവിനെ കുറിച്ച് മുന്‍ താരം

Published : May 25, 2026, 05:46 PM IST
rahul dravid

Synopsis

ദ്രാവിഡിന്റെ വ്യക്തമായ ആശയവിനിമയവും സുതാര്യതയും ടീമിൽ മികച്ചൊരന്തരീക്ഷം സൃഷ്ടിച്ചെന്നും, ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി പിന്നണിയിൽ നിന്നാണ് അദ്ദേഹം ടീമിനെ നയിച്ചതെന്നും മാംബ്രെ വെളിപ്പെടുത്തുന്നു.

മുംബൈ: പുതിയ പരിശീലകനായ ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യ ഒരു ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ടി20 ലോകകപ്പും സ്വന്തമാക്കിയെങ്കിലും, ക്രിക്കറ്റ് ലോകം ഇപ്പോഴും രാഹുല്‍ ദ്രാവിഡിന്റെ പരിശീലന കാലഘട്ടത്തെ മിസ്സ് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ദ്രാവിഡിന്റെ 28 മാസം നീണ്ട പരിശീലന കാലയളവില്‍ ഇന്ത്യയ്ക്ക് ഒരു ഐസിസി കിരീടം മാത്രമാണ് നേടാനായതെങ്കിലും, ആ കാലഘട്ടത്തിലെ ടീമിന്റെ ഒത്തൊരുമയും സുതാര്യതയും ആശയവിനിമയവും എക്കാലവും ഓര്‍മ്മിക്കപ്പെടുന്നവയായിരുന്നു. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ അത്തരം ഒരു സാഹചര്യം ദൃശ്യമല്ലെന്നാണ് വിലയിരുത്തല്‍.

ഐസിസി ടൂര്‍ണമെന്റുകളില്‍ നൂറു ശതമാനം വിജയവുമായി ഗൗതം ഗംഭീര്‍ മികച്ച പരിശീലകനായി തിളങ്ങുന്നുണ്ടെങ്കിലും, സൂപ്പര്‍ താരം വിരാട് കോലിയുമായുള്ള അദ്ദേഹത്തിന്റെ അസ്വാരസ്യങ്ങള്‍ കോച്ചിങ് കരിയറിന് നേരിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ആര്‍സിബിയുടെ പോഡ്കാസ്റ്റില്‍ വിരാട് കോലി നടത്തിയ ചില വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ഇരുവരും തമ്മിലുള്ള ആശയവിനിമയത്തില്‍ വലിയ കുറവുണ്ടായതായി വ്യക്തമാണ്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ ആരും പ്രതികരിച്ചിട്ടില്ല.

രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യയുടെ ബോളിങ് പരിശീലകനായിരുന്ന പരസ് മാംബ്രെ കോച്ചിങ് ശൈലിയെക്കുറിച്ച് മനസ് തുറന്നു...''ഇന്ത്യന്‍ ടീമിന്റെ സുഗമമായ മാറ്റങ്ങള്‍ക്ക് പിന്നില്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിന് വലിയ പങ്കുണ്ട്. ആശയവിനിമയത്തില്‍ അദ്ദേഹം തികച്ചും വ്യക്തതയുള്ളവനും സത്യസന്ധനുമായിരുന്നു. വിരാട് കോലിയോട് അദ്ദേഹം വളരെ തുറന്ന് സംസാരിച്ചു. ചിലപ്പോള്‍ കഠിനമായ കാര്യങ്ങള്‍ തുറന്നു സംസാരിക്കുക എന്നത് ബുദ്ധിമുട്ടാണ്, എങ്കിലും ദ്രാവിഡ് അത് ഭംഗിയായി നിര്‍വ്വഹിച്ചു.'' മാംബ്രെ പറഞ്ഞു.

ടീമിന്റെ പദ്ധതികളെല്ലാം രോഹിത്തിനൊപ്പം വിരാട് കോലിയുമായും തുല്യമായി പങ്കുവെച്ചിരുന്നു. എല്ലാ മീറ്റിംഗുകളിലും വിരാട് പങ്കെടുത്തില്ലെങ്കില്‍ പോലും, രോഹിത്തുമായി ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ കോലിയെയും അറിയിച്ചിരുന്നു. അതുകൊണ്ടാണ് ടീമില്‍ അത്രയും നല്ലൊരു സൌഹൃദ അന്തരീക്ഷം ഉണ്ടായതെന്നും മാംബ്രെ കൂട്ടിച്ചേര്‍ത്തു. ''ഒരു കളിക്കാരന്‍ എന്ന നിലയിലും കോച്ച് എന്ന നിലയിലും നമ്മള്‍ വ്യത്യസ്തരായിരിക്കണം. കളിക്കാരനായിരിക്കുമ്പോള്‍ നിങ്ങള്‍ എപ്പോഴും മുന്നിലായിരിക്കും, എന്നാല്‍ കോച്ചാകുമ്പോള്‍ പിന്നിലേക്ക് മാറണം. ദ്രാവിഡിനെ നിങ്ങള്‍ ഒരിക്കലും ലൈംലൈറ്റില്‍ കണ്ടിട്ടുണ്ടാകില്ല. കളിക്കാരന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.'' മാംബ്രെ വ്യക്തമാക്കി.

എപ്പോഴും കളിക്കാരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്ന ഒരു കോച്ചാണെങ്കില്‍ ടീമിലെ അന്തരീക്ഷം മോശമാകും. എന്നാല്‍ ദ്രാവിഡ് എപ്പോഴും പിന്നിലിരുന്ന് രോഹിത് ശര്‍മ്മയ്ക്ക് തീരുമാനങ്ങള്‍ എടുക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളപ്പോള്‍ അത് വിശ്വസ്തതയോടെ ക്യാപ്റ്റനെ അറിയിക്കുകയും, അതിനുശേഷം ബാക്കി കാര്യങ്ങള്‍ ക്യാപ്റ്റന് വിട്ടുകൊടുക്കുകയുമായിരുന്നു ദ്രാവിഡിന്റെ ശൈലിയെന്നും പരസ് മാംബ്രെ ഓര്‍മ്മിപ്പിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മോശം വാക്ക് ഉപയോഗിച്ചതിന് റിഷഭ് പന്തിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല'; പിന്തുണയുമായി സുനില്‍ ഗവാസ്‌കര്‍
ഐപിഎല്‍ കിരീടം ആര് നേടും? സാധ്യത വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍