'ഗംഭീറിന്റെ നില പരുങ്ങലിലാണ്'; ഇന്ത്യന്‍ പരിശീലകന് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് താരം

Published : Aug 01, 2025, 03:22 PM IST
Gautam Gambhir outbursts

Synopsis

ടെസ്റ്റ് പരമ്പരയിലെ തോൽവി ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് ഭീഷണിയാകുമെന്ന് മുൻ ഇംഗ്ലണ്ട് താരം മൈക്കള്‍ അതേര്‍ട്ടണ്‍.

ലണ്ടന്‍: ഗൗതം ഗംഭീര്‍ പരീശിലക ചുമതല ഏറ്റെടുത്തശേഷം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെങ്കിലും ടെസ്റ്റില്‍ കളിച്ച 13 മത്സരങ്ങളില്‍ നാലു ജയം മാത്രമാണ് നേടാനായത്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ ടീം സെലക്ഷനെ കുറിച്ചും വിമര്‍ശനങ്ങളുണ്ടായിരുന്നു. അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ് എന്നിവരെ ഒരു മത്സരത്തില്‍ പോലും കളിപ്പിക്കാത്തതിനെച്ചൊല്ലി സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും തമ്മില്‍ അഭിപ്രായഭിന്നതയുള്ളതായി വാര്‍ത്തകളുണ്ടായിരുന്നു.

ഇപ്പോള്‍ ഗൗതം ഗംഭീറിന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കള്‍ അതേര്‍ട്ടണ്‍. ടെസ്റ്റ് പരമ്പരയില്‍ തോല്‍വി നേരിട്ടാല്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ നില പരുങ്ങലില്‍ ആകുമെന്ന് ഇംഗ്ലണ്ടിന്റെ മുന്‍നായകന്‍ അഭിപ്രായപ്പെട്ടു. ന്യൂസിലന്‍ഡിനോടും ഓസ്‌ട്രേലിയയോടും ടെസ്റ്റ് പരമ്പരയില്‍ വന്‍തോല്‍വി നേരിട്ടാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കാന്‍ എത്തിയിരിക്കുന്നത്. ന്യൂസിലന്‍ഡിനോട് സ്വന്തം നാട്ടില്‍ മൂന്ന് ടെസ്റ്റിലും തോറ്റ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 3-1നാണ് തോല്‍വി നേരിട്ടത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 2-1ന് പിന്നിലാണിപ്പോള്‍.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തില്‍ അഴിച്ചുപണി നടത്താന്‍ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ മാറ്റില്ലെങ്കിലും ഗംഭീറിന്റെ പ്രത്യേക താല്‍പര്യപ്രകാരം നിയമിച്ച ബൗളിംഗ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍, സഹപരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ എന്നിവരെ പുറത്താക്കുമെന്ന് 'ദ് ടെലഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലണ്ട് പര്യടനത്തിനുശേഷം സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പിനുശേഷമാകും ഇവരെ പുറത്താക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യാ കപ്പിനുശേഷം ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ മത്സരിക്കുക. ഇംഗ്ലണ്ടിലെ അവസാന രണ്ട് ടെസ്റ്റിലെ ഇന്ത്യയുടെ പ്രകടനം എന്തുതന്നെയായാലും ഇരുവര്‍ക്കും പുറത്തേക്കുള്ള വഴി ഒരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടീമിലെ ബൗളര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ മോര്‍ണി മോര്‍ക്കല്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഗംഭീറിന്റെ സഹപരിശീലകനായ റിയാന്‍ ടെന്‍ ഡോഷെറ്റെക്കും കാര്യമായ സംഭാവനയൊന്നും നല്‍കാനായിട്ടില്ലെന്നുമാണ് ബിസിസിഐയുടെ വിലയിരുത്തല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍