
ലഖ്നൗ: ഐപിഎല്‍ 2026ന്റെ തുടക്കത്തില്‍ തന്നെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകന്‍ റിഷഭ് പന്ത് വാര്‍ത്തകളില്‍ നിറയുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ പന്തിന്റെ തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തോല്‍വിക്ക് പിന്നാലെ ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായി അദ്ദേഹം നടത്തിയ ഗൗരവമേറിയ ചര്‍ച്ചയുടെ ദൃശ്യങ്ങളും പുറത്തുവന്നു. 27 കോടി രൂപയ്ക്ക് ലഖ്നൗ സ്വന്തമാക്കിയ, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ പന്തിന് പക്ഷേ അന്താരാഷ്ട്ര ടി20യില്‍ തന്റെ മികവ് പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലുകള്‍ ശക്തമാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായ താരമാണെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ പന്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ സംസാരിച്ചു. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ്മ തുടങ്ങി ഒട്ടേറെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ അവസരം കാത്തിരിക്കുന്ന സാഹചര്യത്തില്‍ പന്തിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് വോണ്‍ ഓര്‍മ്മിപ്പിച്ചു.
ഭീതിയില്ലാതെ ബാറ്റ് ചെയ്യുന്ന ഇന്ത്യയുടെ 15 വയസ്സുകാരന്‍ സൂര്യവന്‍ഷിയെ പന്ത് മാതൃകയാക്കണമെന്നാണ് വോണിന്റെ നിര്‍ദ്ദേശം... ''പന്തിന് ഏത് രാജ്യത്തിന്റെ ടീമിലും ഇടം പിടിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ ഇന്ത്യയുടെ കാര്യം വരുമ്പോള്‍ മത്സരം കടുപ്പമാണ്. പന്തിന്റെ ബാറ്റിംഗ് കാണുമ്പോള്‍ എനിക്ക് സൂര്യവന്‍ഷിയെയാണ് ഓര്‍മ്മ വരുന്നത്. ആ ഒരു സ്വതന്ത്രമായ ശൈലി പന്ത് വീണ്ടും കൊണ്ടുവരണം. മൂന്നാം നമ്പറില്‍ ഇറങ്ങി 48 പന്തില്‍ സെഞ്ചുറി നേടുക എന്ന ലക്ഷ്യത്തോടെ പന്ത് ബാറ്റ് ചെയ്യണം.'' വോണ്‍ അഭിപ്രായപ്പെട്ടു.
പന്തിന്റെ ട്വന്റി20 കരിയറിലെ പോരായ്മകളെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം സാഹിര്‍ ഖാനും മനസ്സ് തുറന്നു. ടെസ്റ്റ് ക്രിക്കറ്റിലെ പന്തിന്റെ അസാമാന്യമായ പ്രകടനവുമായി താരതമ്യം ചെയ്യുന്നത് കൊണ്ടാണ് ട്വന്റി20-യിലെ അദ്ദേഹത്തിന്റെ പ്രകടനം മോശമായി തോന്നുന്നതെന്ന് സഹീര്‍ പറഞ്ഞു. ''ഐപിഎല്ലില്‍ പന്ത് ഇതിനകം തന്നെ ഒരുപാട് നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. 3000 റണ്‍സ് അതിവേഗം പിന്നിട്ട താരമാണദ്ദേഹം. എന്നാല്‍ അന്താരാഷ്ട്ര ട്വന്റി20-യില്‍ ഏത് പൊസിഷനിലാണ് ബാറ്റ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഏത് സ്ഥാനത്തും കളിക്കാന്‍ പന്തിന് കഴിയും എന്ന ഗുണം തന്നെയാണ് ചിലപ്പോള്‍ പന്തിന് തന്നെ ആശയക്കുഴപ്പമുണ്ടാക്കുന്നത്. തന്റെ ശൈലിയില്‍ കുറച്ചുകൂടി ബാലന്‍സ് കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കണം.'' സഹീര്‍ ഖാന്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!