ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ദിനുഷയും ധനഞ്ജയ ഡിസില്‍വയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താനാവാതെ വെള്ളംകുടിച്ചു.
ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കും വിജയത്തിനുമിടയില്‍ വന്‍മതിലായി സൊണാല്‍ ദിനുഷ. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ദിനുഷ രണ്ടാം ഇന്നിംഗ്സില്‍ 65 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ട്. എട്ട് റണ്‍സുമായി കെഷാര നുവാന്തയാണ് ദിനുഷക്കൊപ്പം ക്രീസില്‍. അവസാന ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക. നാലു വിക്കറ്റ് മാത്രം ശേഷിക്കെ ലങ്കക്ക് ജയിക്കാന്‍ 197 റണ്‍സും ഇന്ത്യക്ക് നാലു വിക്കറ്റും വേണം.
അവസാന ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ലങ്കക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ദിനുഷയും ധനഞ്ജയ ഡിസില്‍വയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താനാവാതെ വെള്ളംകുടിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 95 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യയുടെ ജയപ്രതീക്ഷകള്‍ മങ്ങുമെന്ന് കരുതിയെങ്കിലും അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ ജഡേജയെ സ്വീപ് ചെയ്യാനുള്ള ധനഞ്ജയ ഡിസില്‍വയുടെ ശ്രമം പാളി. 59 റണ്‍സെടുത്ത ഡിസില്‍വയെ ജഡേജയുടെ പന്തില്‍ മാനവ് സുതാര്‍ പിടികൂടി.
പിന്നീട് ക്രീസിലെത്തിയ നിരോഷൻ ഡിക്‌വെല്ലയെ(10) പ്രസിദ്ധ് കൃഷ്ണ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ വിജയത്തോട് ഒരുപടി കൂടി അടുത്തു. എന്നാല്‍ രണ്ട് വിക്കറ്റ് നഷ്ടമായതോടെ പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ ദിനുഷയുടെ പ്രകടനമാവും അടുത്ത രണ്ട് സെഷനുകളില്‍ നിർണായകമാകുക. ഇന്ത്യക്കായി മാനവ് സുതാറും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതമെടുത്തു.
