ഇംഗ്ലീഷ് ക്രിക്കറ്റിലെ സകല റെക്കോഡുകളും അവന്‍ മറികടക്കും; റൂട്ടിനെ പുകഴ്ത്തി മുന്‍ താരം

By Web TeamFirst Published Feb 11, 2021, 6:02 PM IST
Highlights

സ്പിന്നിനെതിരെ ഏറ്റവും നന്നായി കളിക്കുന്ന എക്കാലത്തേയും മികച്ച ഇംഗ്ലണ്ട് താരം റൂട്ട് ആണെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ എല്ലാ ബാറ്റ്സ്മാന്മാരുടേയും റെക്കോര്‍ഡുകള്‍ ജോ റൂട്ട് മറികടക്കുമെന്ന് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. സ്പിന്നിനെതിരെ ഏറ്റവും നന്നായി കളിക്കുന്ന എക്കാലത്തേയും മികച്ച ഇംഗ്ലണ്ട് താരം റൂട്ട് ആണെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു. ''ഇംഗ്ലണ്ടിന്റെ മഹാന്മാരായ കളിക്കാരില്‍ ഒരാളാണ് റൂട്ട്. എല്ലാ റെക്കോര്‍ഡുകളും മറികടക്കാന്‍ റൂട്ടിന് കഴിഞ്ഞേക്കും. 

അലസ്റ്റിയര്‍ കുക്കിന്റെ 161 ടെസ്റ്റ് എന്ന നേട്ടവും, റണ്‍വേട്ടയിലെ റെക്കോര്‍ഡും റൂട്ട് മറികടക്കും. മുപ്പത് വയസ് മാത്രമേ റൂട്ടിനായിട്ടുള്ളു. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടിക എടുത്താല്‍ കുക്ക്, ഗ്രഹാം ഗൂച്ച്, പീറ്റേഴ്സന്‍ എന്നിവര്‍ക്കൊപ്പം റൂട്ടിന്റെ പേരും കാണാം.'' നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മറികടന്ന് ജോ റൂട്ട് മൂന്നാമതെത്തിയിരുന്നു. ചെന്നൈ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 218 റണ്‍സ് നേടിയ റൂട്ട് രണ്ടാം ഇന്നിംഗ്‌സില്‍ 40 റണ്‍സുമെടുത്തിരുന്നു. 2017 നവംബറിന് ശേഷം ആദ്യമായാണ് ഐ സി സി റാങ്കിംഗില്‍ റൂട്ട് കോലിയെ മറികടക്കുന്നത്.

അടുത്തകാലത്തൊന്നും ഒരു സെഞ്ചുറി നേടാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. അതേസമയം റൂട്ട് തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണ് നേടുന്നത്. ശ്രീലങ്കന്‍ പര്യടനത്തിലും റൂട്ട് രണ്ട് സെഞ്ചുറി നേടിയിരുന്നു.

click me!