'കോലിയോട് കളിക്കരുത്, പണി തിരിച്ചികിട്ടും'; ഇന്ത്യന്‍ ക്യാപ്റ്റനെ കുറിച്ച് മുന്‍ ഇംഗ്ലീഷ് താരം

By Web TeamFirst Published Aug 19, 2021, 7:50 PM IST
Highlights

ഇരുവരേയും പുറത്താക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ പഠിച്ചപണി പതിനെട്ടും നോക്കി. നിരന്തരം ബൗണ്‍സറുകളെറിഞ്ഞു. മാര്‍ക്ക് വുഡ് പലപ്പോഴും ബുമ്രയുടെ ദേഹം നോക്കിയാണ് എറിഞ്ഞത്.

ലണ്ടന്‍: ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഐതിഹാസിക ജയമായിരുന്നു ഇന്ത്യയുടേത്. ജയത്തോടൊപ്പം ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഇന്ത്യയുടെ പോരാട്ടവീര്യം. അടിച്ചാല്‍ തിരിച്ചടി എന്നതായിരുന്നു ടീം ഇന്ത്യയുടെ ശൈലി. ഇംഗ്ലണ്ട് വിജയം സ്വപ്‌നം കണ്ടിരിക്കെ മുഹമ്മദ് ഷമി- ജസ്പ്രീത് ബുമ്ര കൂട്ടുകെട്ട്് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. ഇരുവരും ഒമ്പതാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 89 റണ്‍സ്.

ഇരുവരേയും പുറത്താക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ പഠിച്ചപണി പതിനെട്ടും നോക്കി. നിരന്തരം ബൗണ്‍സറുകളെറിഞ്ഞു. മാര്‍ക്ക് വുഡ് പലപ്പോഴും ബുമ്രയുടെ ദേഹം നോക്കിയാണ് എറിഞ്ഞത്. ഇതിനിനടെ ബുമ്രയും ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാന്‍ ടീം ഇന്ത്യക്കായി. ഇന്ത്യ 151 റണ്‍സിന്റെ ഐതിഹാസിക വിജയവും സ്വന്തമാക്കി.

മത്സരശേഷം കെ എല്‍ രാഹുല്‍ പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു. ''ഞങ്ങളിലൊരാളോട്  ഉടക്കിയാല്‍ എല്ലാവരും ചേര്‍ന്ന് തിരിച്ചുതരും.'' എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഇന്ത്യന്‍ ടീം എത്രത്തോളം ഒത്തൊരുമയോടെയാണ് കളിക്കുന്നതെന്ന് ആ വാക്കുകളില്‍ നിന്ന് മനസിലാക്കാം. മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍ പറയുന്നതും ഇതുതന്നെയാണ്. 

ക്യാപ്റ്റന്‍ കോലി ടീമിനെ തയ്യാറാക്കിവച്ചിരിക്കുന്നതിനെ കുറിച്ചാണ് പനേസര്‍ പറയുന്നത്. ''ഇന്ത്യയെ ഭയപ്പെടുത്തി വിജയം സ്വന്തമാക്കാമെന്നാണ് ഇംഗ്ലണ്ട് കരുതിയത്. എന്നാല്‍ അത് തിരിച്ചടിച്ചു. ബൗണ്‍സര്‍ എറിഞ്ഞ ബുമ്രയെ ഭയപ്പെടുത്താമെന്ന് നിങ്ങള്‍ ചിന്തിച്ചുകാണും. എന്നാല്‍ അപ്പുറത്ത് കോലിയുള്ള കാര്യം നിങ്ങള്‍ മറന്നു. അദ്ദേഹം എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഒന്നും മറക്കുന്ന ആളല്ല. ഏത് വിധത്തിലും കോലി തന്റെ ടീമിനം സംരക്ഷിക്കും. ഇന്ത്യന്‍ ടീമിലെ ആരേയും ഭയപ്പെടുത്താന്‍ കോലി സമ്മതിക്കില്ല. 

രണ്ടാം ഇന്നിംഗ്‌സില്‍ റിഷഭ് പന്തിനെ പുറത്താക്കിയ ശേഷം വാലറ്റത്തെ പെട്ടന്ന് പറഞ്ഞയക്കാമെന്ന് ഇംഗ്ലണ്ട് കരുതിക്കാണും. എന്നാല്‍ ഷമി- ബുമ്ര കൂട്ടുകെട്ട് വെല്ലുവിളിയായി. കോലി ഭീഷണിപ്പെടുത്തില്ല, എന്നാല്‍ എങ്ങനെ കളിപ്പിക്കണമെന്ന് കോലിക്കറിയാം. കോലി മിടുക്കനാണ്. എന്നാല്‍ വിജയത്തിന്റെ ക്രഡിറ്റ് ടീം ഇന്ത്യയുടെ ഐക്യത്തിന് കൊടുക്കാനാണ് എനിക്കിഷ്ടം.'' പനേസര്‍ വ്യക്തമാക്കി.

click me!