ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ പോരാട്ടം; പാകിസ്ഥാന് മുന്നറിയിപ്പുമായി ഗംഭീര്‍

By Web TeamFirst Published Aug 19, 2021, 2:11 PM IST
Highlights

യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ തന്നെ എതിരാളികള്‍ പാകിസ്ഥാനാണ്

ദില്ലി: രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പോരിന് കളമൊരുങ്ങുകയാണ്. യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ തന്നെ എതിരാളികള്‍ പാകിസ്ഥാനാണ്. ടി20 ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി പുറത്തുവിട്ടപ്പോഴേ ആവേശം അണപൊട്ടിത്തുടങ്ങിയിരുന്നു. ഇതിനൊപ്പം ചേരുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ലോകകപ്പുകളില്‍ അയല്‍ക്കാര്‍ക്കെതിരെ തോല്‍വിയറിയാതെയുള്ള ചരിത്രം ഇന്ത്യക്ക് വലിയ മുന്‍തൂക്കം നല്‍കും എന്നും പാകിസ്ഥാന്‍ സമ്മര്‍ദത്തിലാകുമെന്നും ഗംഭീര്‍ പറയുന്നു. 

'ലോകകപ്പുകളില്‍ 5-0ന്‍റെ ജയം ഇന്ത്യക്കാണ് എന്നതിനാല്‍ പാകിസ്ഥാന്‍ വലിയ സമ്മര്‍ദത്തിലാകുമെന്ന് എനിക്കുറപ്പാണ്. ടീം ഇന്ത്യക്ക് മേല്‍ സമ്മര്‍ദമുണ്ടോയെന്ന് നാം ചര്‍ച്ച ചെയ്യുന്നില്ല. പാകിസ്ഥാനില്‍ അവരുടെ ടീമിനെ കുറിച്ച് പ്രതീക്ഷകള്‍ ഏറെയുയരും എന്നതിനാലും അവര്‍ക്കാകും സമ്മര്‍ദം. നിലവില്‍ പാകിസ്ഥാനേക്കാള്‍ ഏറെ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ആര്‍ക്ക് ആരെ വേണമെങ്കിലും തോല്‍പിക്കാം.അഫ്‌ഗാനിസ്ഥാന്‍ പോലുള്ള ടീമുകള്‍ക്ക് തലവേദന സൃഷ്‌ടിക്കാന്‍ കഴിയും. ഇതുതന്നെയാണ് പാകിസ്ഥാന്‍റെ സാഹചര്യവും. എങ്കിലും പാകിസ്ഥാന് മുകളില്‍ സമ്മര്‍ദം ഉണ്ടാകും' എന്നും ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു. 

ഇംഗ്ലണ്ടില്‍ 2019ല്‍ നടന്ന ഐസിസി ഏകദിന ലോകകപ്പിലാണ് അവസാനമായി ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നടന്നത്. മാഞ്ചസ്റ്ററില്‍ മഴ തടസപ്പെടുത്തിയ അന്നത്തെ മത്സരം വിരാട് കോലിയും സംഘവും മഴനിയമ പ്രകാരം 89 റണ്‍സിന് വിജയിച്ചു. 

ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടൂർണമെന്റ് കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റുകയായിരുന്നു. ഒക്‌ടോബര്‍ 17 മുതലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഒക്‌ടോബര്‍ 24ന് ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെ ടീം ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങും. ടി20 ലോകകപ്പില്‍ രണ്ടാം കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നവംബര്‍ 14ന് ദുബൈയിലാണ് ഫൈനല്‍. 

നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍  ഗ്രൂപ്പ് ഒന്നിലും ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്​ഗാനിസ്ഥാൻ ടീമുകൾ ഗ്രൂപ്പ് രണ്ടിലുമാണ്. ഒക്‌ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്ക്കുക. ശ്രീലങ്കയും ബംഗ്ലാദേശും അടക്കമുള്ള ടീമുകൾ യോ​ഗ്യതാ റൗണ്ടിൽ മത്സരിക്കുന്നുണ്ട്. 

ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം 24ന്; വേദിയും പുറത്തുവിട്ടു

സൂപ്പര്‍താരങ്ങള്‍ തിരിച്ചെത്തി, സര്‍പ്രൈസ് വിക്കറ്റ്കീപ്പര്‍; ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് ഡുപ്ലസിയെ പരിഗണിച്ചേക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!