ലോക്‌ഡൗണ്‍ ലംഘിച്ച് പച്ചക്കറി വാങ്ങാനിറങ്ങിയ റോബിന്‍ സിംഗിന്റെ കാര്‍ പിടിച്ചെടുത്ത് ചെന്നൈ പോലീസ്

By Web TeamFirst Published Jun 25, 2020, 7:51 PM IST
Highlights

കൊവി‍ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലും സമീപ ജില്ലകളിലും ഈ മാസം 19 മുതല്‍ 30 വരെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചെന്നൈ: ലോക്‌ഡ‍ൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കാറുമായി പച്ചക്കറി വാങ്ങാനിറങ്ങിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ സിംഗിന്റെ കാര്‍ ചെന്നൈ പോലീസ് പിടിച്ചെടുത്തു. ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് താരത്തിന് 500 രൂപ പിഴയും വിധിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.

കൊവി‍ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലും സമീപ ജില്ലകളിലും ഈ മാസം 19 മുതല്‍ 30 വരെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസാധനങ്ങള്‍ വാങ്ങാനായി ആളുകള്‍ക്ക് താമസിക്കുന്ന ഇടത്തില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ ഇത് തെറ്റിച്ച് ആണ് റോബിന്‍ സിംഗ് കാറുമായി പച്ചക്കറി വാങ്ങാനായി ഇറങ്ങിയത്.

പോലീസ് പിടകൂടുമ്പോള്‍ റോബിന്‍ സിംഗിന്റെ കൈവശം യാത്രക്കുള്ള ഇ-പാസില്ലായിരുന്നു. പോലീസിന്റെ നടപടിയോട്  റോബിന്‍ സിംഗ് പൂര്‍ണമായും സഹകരിച്ചുവെന്നും അദ്ദേഹത്തിന്റെ വാഹനം പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിന്റെ താരമായിരുന്ന 56കാരനായ റോബിന്‍ സിംഗ് ഇന്ത്യക്കായി 136 ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട്. ദേശീയ ടീമിന്റെയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെയും ഫീല്‍ഡിംഗ് പരിശീലകനുമായിരുന്നു റോബിന്‍ സിംഗ്.

click me!