ഒരു മത്സരം കൊണ്ട് ടീം ഇന്ത്യയെ എഴുതിത്തള്ളാനാവില്ല; പിന്തുണയുമായി മുന്‍താരം

By Web TeamFirst Published Jun 29, 2021, 10:14 PM IST
Highlights

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് പുറമെ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നീ പേസര്‍മാരെല്ലാം ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.
 

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. തോല്‍വിക്ക് ശേഷം വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് വിരാട് കോലിയും സംഘവും. എന്നാല്‍ ടീം ഇന്ത്യക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ രോഹന്‍ ഗവാസ്‌കര്‍. 

കോലി പറഞ്ഞത് പോലെ ഒരു ടെസ്റ്റിലൂടെ മാത്രം വിജയികളെ കണ്ടെത്തുന്നതിനോട് രോഹനും യോജിപ്പില്ല. അദ്ദേഹം പറയുന്നതിങ്ങനെ... ''കരുത്തുറ്റ ടീമാണ് ഇന്ത്യയുടേത്. ലോകത്തര തരങ്ങള്‍ ഉള്‍പ്പെട്ട ഒരു സൂപ്പര്‍ ടീം. ശരിയാണ് ഫൈനലില്‍ ന്യൂസിലന്‍ഡ് ഇന്ത്യേക്കാള്‍ നന്നായി കളിച്ചു. ആ ജയത്തോടെ ഇന്ത്യ ഒരു മോശം ടീമാണെന്ന അര്‍ത്ഥമില്ല. ഇന്ത്യ എത്രത്തോളം കരുത്തരാണെന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനം മാത്രം നോക്കിയാല്‍ മതിയാകും. 

ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഏതൊര ടീമിനേയും വെല്ലുവിളിക്കാന്‍ ശക്തിയുണ്ട്. ഇന്ത്യന്‍ പിച്ചുകളില്‍ പോലും ഇന്ത്യന്‍ പേസര്‍മാര്‍ ആധിപത്യം പുലര്‍ത്തുന്നു. എഴുപതുകളിലും എണ്‍പതുകളിലും കപില്‍ ദേവ് യുവതലമുറയെ ഏറെ പ്രചോദിപ്പിച്ചിരുന്നു. അങ്ങനെയാണ് ജവഗല്‍ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ്, സഹീര്‍ ഖാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന തലമുറ വളര്‍ന്നുവന്നത്. ഇപ്പോള്‍ അഞ്ച് മുതല്‍ ഏഴ് വരെ പേസര്‍ നമുക്കുണ്ട്.'' രോഹന്‍ പറഞ്ഞുനിര്‍ത്തി. 

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് പുറമെ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നീ പേസര്‍മാരെല്ലാം ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ദീപക് ചാഹര്‍ തുടങ്ങിയ പേസര്‍മാര്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലു ഇടം നേടി.

click me!