ഇംഗ്ലണ്ടിനെതിരായ പ്രകടനം; മിതാലി ഏകദിന റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി

By Web TeamFirst Published Jun 29, 2021, 7:40 PM IST
Highlights

ഇംഗ്ലണ്ടിനെതിരെ ഒന്നാം ഏകദിനത്തിലെ അര്‍ധ സെഞ്ചുറിയാണ് മിതാലിയെ അഞ്ചാം സ്ഥാനത്തെത്തിച്ചത്. മൂന്ന് സ്ഥാനങ്ങളാണ് മിതാലി മെച്ചപ്പെടുത്തിയത്.

ദുബായ്: ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരെ ഒന്നാം ഏകദിനത്തിലെ അര്‍ധ സെഞ്ചുറിയാണ് മിതാലിയെ അഞ്ചാം സ്ഥാനത്തെത്തിച്ചത്. മൂന്ന് സ്ഥാനങ്ങളാണ് മിതാലി മെച്ചപ്പെടുത്തിയത്.

ഇംഗ്ലണ്ടിനെതിരെ 108 പന്തില്‍ 72 റണ്‍സ് നേടിയ മിതാലി 2019ന് ശേഷം ആദ്യമായിട്ടാണ് ആദ്യ അഞ്ചില്‍ തിരിച്ചെത്തുന്നത്. മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും മിതാലിയുടെ ഇന്നിങ്‌സായിരുന്നു. അതേസമയം ടി20യിലെ ഒന്നാം റാങ്കുകാരിയായ ഷെഫാലി വര്‍മ 120-ാം റാങ്കിലെത്തി. 

ഇംഗ്ലണ്ടിനെതിരെ ഷെഫാലി കളിച്ചത് ആദ്യ ഏകദിനമായിരുന്നു. ബാറ്റേഴ്‌സിന്റെ പട്ടികയില്‍ പൂജ വസ്ത്രകര്‍ 97-ാം സ്ഥാനത്തെത്തി. ബൗളര്‍മാരുടെ റാങ്കില്‍ 88-ാം സ്ഥാനത്താണ് വസ്ത്രകര്‍. ഇംഗ്ലണ്ട് ഓപ്പണര്‍ താമി ബ്യൂമോണ്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യക്കെതിരെ 74 റണ്‍സ് നേടിയ നതാലി സ്‌കിവര്‍ എട്ടാം സ്ഥാനത്തെത്തി. 

ബൗളര്‍മാരുടെ റാങ്കില്‍ ഇംഗ്ലീഷ് താരം അന്യ ഷ്രുബ്‌സോള്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. സോഫി എക്ലെസ്റ്റോണ്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താമതെത്തി. ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് എക്ലെസ്റ്റോണ്‍. മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരടക്കം മൂന്ന് വിക്കറ്റുകളാണ് എക്ലെസ്‌റ്റോണ്‍ നേടിയത്.

click me!