
മുംബൈ: ഏപ്രില്‍ 15ന് ലോകകപ്പിനുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കും. ടീമില്‍ ആരൊക്കെയെന്ന് ഇപ്പോള്‍ തന്നെ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നേരിയ ആശയക്കുഴപ്പമുള്ളത് നാലാം നമ്പറിലാണ്. എം.എസ്.ധോണി, മനീഷ് പാണ്ഡെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു, ദിനേശ് കാര്‍ത്തിക് എന്നിവരെല്ലാം നാലാം നമ്പറില്‍ പരീക്ഷിക്കപ്പെട്ടവരാണ്. അടുത്തിടെ, ലോകകപ്പ് ടീമില്‍ നാലാം നമ്പറിലേക്ക് ചേതേശ്വര്‍ പൂജാരയെ കൊണ്ടുവരണമെന്ന് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു.
ഗാംഗുലിയുടെ വാക്കുകള്‍ കേട്ട് പലരും ചിരിച്ചെങ്കിലും ഇന്ന് മറ്റൊരു മുന്‍താരം കൂടി ഇതേ അഭിപ്രായം രേഖപ്പെടുത്തി. വിനോദ് കാംബ്ലിയാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. മധ്യനിരയ്ക്ക് കരുത്ത് പകരാന്‍ പൂജാരയ്ക്ക് സാധിക്കുമെന്ന് കാംബ്ലി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. മുന്‍ ഇന്ത്യന്‍ താരത്തിന്റെ ട്വീറ്റ് ഇങ്ങനെ...
''ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ഇനി ഒരാഴ്ച തികച്ചില്ല. എന്നെ സംബന്ധിച്ചിടത്തോളം ടീമില്‍ ഇപ്പോള്‍ നാലാം നമ്പറില്‍ കളിക്കാന്‍ പറ്റിയ ശരിയായ താരം ചേതേശ്വര്‍ പൂജാരയാണ്. മധ്യനിരയ്ക്ക് കൂടുതല്‍ കെട്ടുറപ്പ് വേണം. നമുക്ക് വേണ്ടത് സ്വിങ് ബൗളിങ്ങിനെ നേരിടാനും നങ്കൂരക്കാരന്റെ റോള്‍ കളിക്കാന്‍ പറ്റിയ ഒരു താരത്തെയാണ്.'' കാംബ്ലി ട്വിറ്ററില്‍ കുറിച്ചിട്ടു.