ബാബര്‍ അസം വട്ടപൂജ്യം; പാകിസ്ഥാനെതിരെ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് ജയം

Published : Aug 11, 2025, 09:28 AM IST
Babar Azam Out

Synopsis

പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് ജയം.

ട്രിനിഡാഡ്: പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. മഴയെ തുടര്‍ന്ന് 37 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഡിഎല്‍എസ് നിയമപ്രകാരം അഞ്ച് വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 37 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. 36 റണ്‍സുമായി പുറത്താവാതെ നിന്ന ഹസന്‍ നവാസാണ് ടോപ് സ്‌കോറര്‍. ജെയ്ഡന്‍ സീല്‍സ് വിന്‍ഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 33.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1 ഒപ്പമെത്തി.

ബ്രയാന്‍ ലാറ സ്‌റ്റേഡിയത്തില്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് മോശം തുടക്കമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ ബ്രന്‍ഡന്‍ കിംഗ് (1), എവിന്‍ ലൂയിസ് (7) എന്നിവരുടെ വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമായി. രണ്ട് പേരേയും ഹസന്‍ അലി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ കൈകളിലേക്കയച്ചു. തുടര്‍ന്നെത്തിയ കീസി (16) കാര്‍ട്ടിയെ അബ്രാര്‍ അഹമ്മദ് മടക്കിയതോടെ വിന്‍ഡീസ് മൂന്നിന് 48 എന്ന നിലയിലായി. പിന്നീട് ഷായ് ഹോപ്പ് (32) - ഷെഫാനെ റുതര്‍ഫോര്‍ഡ് (45) സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങി. മുഹമ്മദ് നവാസിനായിരുന്നു രണ്ട് വിക്കറ്റുകളും. ഇതോടെ അഞ്ചിന് 107 എന്ന നിലയിലായി വിന്‍ഡീസ്. എന്നാല്‍ റോസ്റ്റണ്‍ ചേസ് (49) - ജസ്റ്റിന്‍ ഗ്രീവ്‌സ് (26) വേര്‍പ്പെടാത്ത കൂട്ടുകെട്ട് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ, അത്ര നല്ലതായിരുന്നില്ല പാകിസ്ഥാന്റെ തുടക്കം. 37 റണ്‍സിനിടെ ഓപ്പണര്‍ സെയിം അയൂബിന്റെ (23) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. തുടര്‍ന്നെത്തിയ ബാബര്‍ അസം (0) നേരിട്ട മൂന്നാം പന്തില്‍ തന്നെ ബൗള്‍ഡായി. രണ്ട് വിക്കറ്റുകളും ജെയ്ഡന്‍ സീല്‍സിനായിരുന്നു.

അബ്ദുള്ള ഷെഫീഖ് (26) കൂടി മടങ്ങിയതോടെ പാകിസ്ഥാന്‍ മൂന്നിന് 64 എന്ന നിലയിലായി. റിസ്വാന്‍ (16) അല്‍പനേരം പിടിച്ചുനിന്നെങ്കിലും ഗുഡകേശ് മോട്ടി വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ ഹുസൈന്‍ താലാത് (31) കൂടി മടങ്ങി. സല്‍മാന്‍ അഗ (9), മുഹമ്മദ് നവാസ് (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഹസന്‍ അലി - ഷഹീന്‍ അഫ്രീദി (11) എന്നിവരാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുന്നത്. ഇരുവരും പുറത്താവാതെ നിന്നു.

PREV
Read more Articles on
click me!

Recommended Stories

'ടീമിലെത്താൻ ഞങ്ങള്‍ തമ്മിൽ മത്സരമില്ല, സഞ്ജു മൂത്ത സഹോദരനെപ്പോലെ', തുറന്നു പറഞ്ഞ് ജിതേഷ് ശര്‍മ
ടി20യില്‍ 'ടെസ്റ്റ്' കളിച്ച ബാറ്ററെ സ്റ്റംപ് ചെയ്യാതെ ക്രീസില്‍ തുടരാന്‍ അനുവദിച്ച് പുരാന്‍, ഒടുവില്‍ ബാറ്ററെ തിരിച്ചുവിളിച്ച് ടീം