'ബിസിസിഐയുടെ ഏഴ് മിസ് കാളുകള്‍'; ടീം ഇന്ത്യയുടെ ഡയറക്റ്ററാവാനുണ്ടായ സാഹചര്യം വ്യക്തമാക്കി ശാസ്ത്രി

By Web TeamFirst Published Apr 26, 2022, 6:55 PM IST
Highlights

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യക്ക് പരമ്പര വിജയങ്ങളുണ്ടായി. 2017 മുതല്‍ 2021 വരെയാണ് ശാസ്ത്രി ഇന്ത്യയുടെ കോച്ചായി പ്രവര്‍ത്തിച്ചത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമാണ്് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

മുംബൈ: നാല് വര്‍ഷത്തില്‍ കൂടുതല്‍ രവി ശാസ്ത്രി (Ravi Shastri) ഇന്ത്യയുടെ പരിശീലകനായിരുന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച പരിശീലകരുടെ പട്ടികയിലാണ് ശാസ്ത്രിയുടെ സ്ഥാനം. ഐസിസി കിരീടങ്ങളൊന്നും ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യക്ക് (Team India) നേടാനായില്ലെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യക്ക് പരമ്പര വിജയങ്ങളുണ്ടായി. 2017 മുതല്‍ 2021 വരെയാണ് ശാസ്ത്രി ഇന്ത്യയുടെ കോച്ചായി പ്രവര്‍ത്തിച്ചത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമാണ്് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

ഇതിന് മുമ്പ് 2014ല്‍ ടീം ഡയറക്റ്ററായി അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു. ഡയറക്റ്റര്‍ സ്ഥാനം ഏറ്റെടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുകയാണ് ശാസ്ത്രി. ''2014ല്‍ ഞാന്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കമന്ററി പറഞ്ഞുകൊണ്ടിരിക്കെയാണ് എനിക്ക് ബിസിസിഐയുടെ വിളി വരുന്നത്. ഏഴ് മിസ്ഡ് കാള്‍ എന്റെ മൊബൈലിലുണ്ടായിരുന്നു. നാളെ തന്നെ ഡയറക്റ്റര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബിസിസിഐ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് കുടുംബവുമായും കൊമേഴ്‌സ്യല്‍ പാട്‌നര്‍മാരുമായും സംസാരിക്കണം എന്നായിരുന്നു എന്റെ മറുപടി. അതെല്ലാം ഞങ്ങള്‍ നോക്കിക്കൊളാമെന്നും ബിസിസിഐ. അങ്ങനെ കമ്മന്ററി ബോക്‌സില്‍ നിന്ന് നേരെ ഡയറക്റ്റര്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.'' ശാസ്ത്രി വ്യക്തമാക്കി. 

മികച്ച പേസ് ബൗളിംഗ് യൂണിറ്റ് ഉണ്ടാക്കിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ''ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് പരിമിധികളുണ്ട്. ജസ്പ്രിത് ബുമ്രയെ പോലെ ആഗ്രസീവായ ബൗളര്‍മാരെ നമുക്ക് വേണമായിരുന്നു. അതുകൊണ്ടുതന്നെ മികച്ച പേസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയെടുക്കണമായിരുന്നു. തുടക്കം മുതല്‍ അതിന് ശ്രമിച്ചതിന്റെ ഫലമായാണ് ഇന്ന് കാണുന്ന പേസ് യൂണിറ്റുണ്ടായത്.'' ശാസ്ത്രി പറഞ്ഞുനിര്‍ത്തി.

2014ല്‍ ടീം ഡയറ്കറ്ററായ ശാസ്ത്രി 2016ല്‍ കാലാവധി കഴിഞ്ഞിറങ്ങി. പിന്നാലെ അനില്‍ കുംബ്ലെ ഇന്ത്യയുടെ പരിശീകനായി. എന്നാല്‍ 2017ലെ ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം കുബ്ലെയും പരിശീലനസ്ഥാനം ഉപേക്ഷിച്ചു. ഒരിക്കല്‍കൂടി ശാസ്ത്രിക്ക് നറുക്ക് വീണു. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെ ശാസ്ത്രി സ്ഥാനമൊഴിഞ്ഞു.

click me!