Virat Kohli : ടെസ്റ്റ് ക്യാപ്റ്റന്‍സി; കോലിയുടെ അപ്രതീക്ഷിത രാജിക്ക് പിന്നിലെ കാരണവുമായി മുന്‍താരം

By Web TeamFirst Published Jan 16, 2022, 10:01 PM IST
Highlights

ബാറ്റിംഗില്‍ പിന്നോട്ടുപോയതാണ് ക്യാപ്റ്റന്‍സി കൈമാറുന്നതിലേക്ക് കോലിയെ എത്തിച്ചത് എന്നാണ് അതുല്‍ വാസന്‍ പറയുന്നത്

ദില്ലി: വിരാട് കോലി (Virat Kohli) ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ (Indian Test Team Captain) സ്ഥാനം അപ്രതീക്ഷിതമായി ഒഴിഞ്ഞതിന്‍റെ കാരണം തിരയുകയാണ് എല്ലാവരും. വൈറ്റ് ബോള്‍ നായകസ്ഥാനം നേരത്തെ കൈവിട്ടുവെങ്കിലും ടെസ്റ്റില്‍ കിംഗ് കോലി തന്നെ ഇന്ത്യയെ നയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരിക്കുന്നത്. ടീമിലെ ആഭ്യന്തര പ്രശ്നങ്ങളും ബിസിസിഐയുമായുള്ള (BCCI) പോരുമടക്കം പല കാരണങ്ങള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ തന്‍റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം അതുല്‍ വാസന്‍ (Atul Wassan). 

ബാറ്റിംഗില്‍ പിന്നോട്ടുപോയതാണ് ക്യാപ്റ്റന്‍സി കൈമാറുന്നതിലേക്ക് കോലിയെ എത്തിച്ചത് എന്നാണ് അതുല്‍ വാസന്‍ പറയുന്നത്. ഒന്നും എന്നെ ഞെട്ടിച്ചിട്ടില്ല. ഓസ്ട്രേലിയയില്‍ പരമ്പര മധ്യേ എം എസ് ധോണി നായകസ്ഥാനം രാജിവച്ചത് അമ്പരപ്പിച്ചിരുന്നു. ടി20 ലോകകപ്പിന് ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളിലെ സംഭവവികാസങ്ങള്‍ കോലിയെ സമ്മർദത്തിലാക്കിയിരിക്കണം. 

കോലിക്ക് ഏറെ റണ്‍സ് കണ്ടെത്താനാവുന്നില്ല. ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കുന്ന നായകനായിരുന്ന കോലി പിന്നീട് ബാറ്റിംഗില്‍ പിന്നോട്ടുപോയി. എല്ലാ താരങ്ങളും ഈ പ്രതിസന്ധിയിലൂടെ കടന്നുപോകും. മാത്രമല്ല കോലി മൂന്ന് ഫോർമാറ്റിലും ടീമിനെ നയിക്കുകയുമായിരുന്നു. ടി20 നായകസ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം ശരിയായിരുന്നു. എന്നാല്‍ ബിസിസിഐ ഏകദിനത്തില്‍ നിന്ന് മാറ്റുമെന്ന് കരുതിയിരുന്നില്ല. ലോകകപ്പ് ജയിക്കുകയായിരുന്നു കോലിയുടെ ലക്ഷ്യം. കോലിയുടെ റെക്കോർഡ് ബുക്കിലെ നഷ്ടവുമാണത്. 

ഇന്ത്യന്‍ ക്രിക്കറ്റിലെ യുഗാന്ത്യം 

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിയുന്നതായി വിരാട് കോലി ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇതോടെ മൂന്ന് ഫോർമാറ്റിലും നായകപദവിയില്‍ നിന്ന് കിംഗ് കോലിയുടെ പടിയിറക്കം പൂർത്തിയായി. ലോകകപ്പിന് ശേഷം ടി20 നായകപദവിയൊഴിഞ്ഞ കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.  2014 ഡിസംബറില്‍ എം എസ് ധോണിയില്‍ നിന്നാണ് വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. 

ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ചത് വിരാട് കോലിയാണ്. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയ ശതമാനം. മൊത്തത്തില്‍ 68 ടെസ്റ്റുകളില്‍ കോലി ഇന്ത്യയെ നയിച്ചപ്പോള്‍ 40 മത്സരങ്ങള്‍ ജയിച്ചു. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ നയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടി ചരിത്രമെഴുതിയ കോലി ദക്ഷിണാഫ്രിക്കയില്‍ ടീം പരമ്പര ജയത്തിനരികെ കാലിടറി വീണതിന് പിന്നാലെയാണ് രാജിവച്ചത്. 

Virat Kohli : ഇത് കോലിയുടെ ടീം, ടെസ്റ്റ് നായകനായി തുടരണം; അഭ്യർഥനയുമായി മുന്‍താരം
 

click me!