ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിയുന്നതായി വിരാട് കോലി ഇന്നലെയാണ് പ്രഖ്യാപിച്ചത്

ദില്ലി: വിരാട് കോലി (Virat Kohli) ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ (Indian Test Team Captain) സ്ഥാനത്ത് തുടരണമെന്ന് വാദിച്ച് മുന്‍താരം മദന്‍ ലാല്‍ (Madan Lal). ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയുകയാണ് എന്ന കോലിയുടെ പ്രഖ്യാപനം വന്ന് ഒരു ദിവസമാകുമ്പോഴാണ് മദന്‍ ലാല്‍ ഈ ആവശ്യം ഉയർത്തിയത്. കോലി ഇപ്പോഴും റണ്‍സ് കണ്ടെത്തുന്നുണ്ടെന്നും എല്ലാ ദിവസവും സെഞ്ചുറി നേടാന്‍ ഒരു താരത്തിനും കഴിയില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. 

'ഇതെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്. എന്നാല്‍ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍, ലോകത്ത് ഏറ്റവും കൂടുതല്‍ വിജയമുള്ള നാലാമത്തെ ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് കോലിയുടെ നേട്ടങ്ങള്‍ എക്കാലവും ഓർമ്മിക്കപ്പെടും. കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് കരുതിയിരുന്നില്ല. വിജയിക്കാന്‍ എപ്പോഴും കൊതിക്കുന്ന അത്യുല്‍സാഹമുള്ള ക്യാപ്റ്റനാണ് കോലി. ടെസ്റ്റ് നായകത്വം ആസ്വദിക്കുന്നു എന്ന് തോന്നിപ്പിച്ച കോലിയുടെ പ്രഖ്യാപനം എല്ലാവർക്കും അപ്രതീക്ഷിതമായി. 

ടീം ഇന്ത്യയെ കൂടുതല്‍ മത്സരങ്ങളില്‍ അദേഹം നയിക്കണമെന്നുണ്ട്, കാരണം കോലി സൃഷ്ടിച്ച ടീമാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം റാങ്കിലെത്തിച്ചു. ശക്തമായ പേസ് നിരയെ വാർത്തെടുത്തു. കോലിയുടെ നേട്ടങ്ങള്‍ കൊണ്ടാണ് ഇന്ത്യക്ക് ലോകം അംഗീകരിക്കുന്ന പേസ് നിരയുണ്ടായത്. ടെസ്റ്റ് ജയിക്കുമ്പോള്‍ അതിന്‍റെ പ്രതിഫലം ഏകദിനത്തിലും ടി20യിലുമുണ്ടാകും. അതിനാല്‍ കോലി എല്ലാം ചെയ്തു എന്നുപറയാം. ക്യാപ്റ്റനെന്ന നിലയില്‍ പോരായ്മകള്‍ കണ്ടെത്തി പരിഹരിച്ച് ടീമിനെ ശക്തമാക്കി. അതിന്‍റെ എല്ലാ പ്രശംസയും കോലിക്കാണ്. 

എന്നെ സംബന്ധിച്ച് ഇത് നിരാശ വാർത്തയാണ്. കോലി 2-3 വർഷം കൂടി ടെസ്റ്റ് ക്യാപ്റ്റനായി തുടരേണ്ടിയിരുന്നു. കോലി സെഞ്ചുറി നേടുന്നില്ല എന്ന് ആളുകള്‍ പറയുന്നതില്‍ കാര്യമില്ല, അയാള്‍ ടീമിന് റണ്‍സ് സംഭാവന നല്‍കുന്നുണ്ട്. എപ്പോഴും സെഞ്ചുറി നേടാനാവില്ല. ക്രിക്കറ്റിനോടുള്ള അഭിനിവേശമാണ് കോലിയെ ഇഷ്ടപ്പെടാന്‍ കാരണമെന്നും' മദന്‍ ലാല്‍ വാർത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. 

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിയുന്നതായി വിരാട് കോലി ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇതോടെ മൂന്ന് ഫോർമാറ്റിലും നായകപദവിയില്‍ നിന്ന് കിംഗ് കോലിയുടെ പടിയിറക്കം പൂർത്തിയായി. ലോകകപ്പിന് ശേഷം ടി20 നായകപദവിയൊഴിഞ്ഞ കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. 2014 ഡിസംബറില്‍ എം എസ് ധോണിയില്‍ നിന്നാണ് വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. 

ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ചത് വിരാട് കോലിയാണ്. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയ ശതമാനം. മൊത്തത്തില്‍ 68 ടെസ്റ്റുകളില്‍ കോലി ഇന്ത്യയെ നയിച്ചപ്പോള്‍ 40 മത്സരങ്ങള്‍ ജയിച്ചു. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ നയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടി ചരിത്രമെഴുതിയ കോലി ദക്ഷിണാഫ്രിക്കയില്‍ ടീം പരമ്പര ജയത്തിനരികെ കാലിടറി വീണതിന് പിന്നാലെയാണ് രാജിവച്ചത്. 

Virat Kohli : ആ പട്ടികയില്‍ വിരാട് കോലിയുടെ പേര് എന്തായാലുമുണ്ടാകും; പറയുന്നത് വിവിയന്‍ റിച്ചാർഡ്സ്