
ചെന്നൈ: ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രിത് ബുംറയെ ടീം മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന രീതിയില്‍ അതൃപ്തി വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്മണ്യം ബദരീനാഥ്. ബിസിസിഐ മെഡിക്കല്‍ ടീമില്‍ നിന്ന് ബുംറയ്ക്ക് ഇതുവരെ ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ല. വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലും 2026 ഏഷ്യന്‍ ഗെയിംസ് ടീമില്‍ താരത്തിന്റെ പങ്കാളിത്തം പൂര്‍ണമായും ഫിറ്റ്നസിന് വിധേയമായിരിക്കും. കഴിഞ്ഞ ജൂലൈ 16-ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ബുംറയുടെ മുട്ടിന് പരിക്കേറ്റത്. അതിനുശേഷം താരം പന്തെറിഞ്ഞിട്ടില്ല.
ബുംറയുടെ വര്‍ക്ക്ലോഡ് നിയന്ത്രിക്കുന്നതില്‍ ക്യാപ്റ്റനും കോച്ചും സെലക്ടര്‍മാരും പരാജയപ്പെട്ടുവെന്ന് ബദരീനാഥ് തന്റെ യൂട്യൂബ് ചാനലിലൂടെ വിമര്‍ശിച്ചു. ''ആരാണ് ഈ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് എനിക്കറിയില്ല. ഫിറ്റ്നസ് സെന്ററിന് മാത്രം സെലക്ഷന്‍ നടത്താന്‍ കഴിയില്ലല്ലോ. താരത്തിന്റെ ശരീരസ്ഥിതിയും എത്ര മത്സരങ്ങള്‍ കളിക്കാന്‍ കഴിയുമെന്നും മാത്രമാണ് അവര്‍ റിപ്പോര്‍ട്ട് നല്‍കുക. എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്നത് ക്യാപ്റ്റനും കോച്ചും സെലക്ടര്‍മാരുമാണ്.'' ബദരീനാഥ് പറഞ്ഞു.
ബുംറയുടെ തിരിച്ചുവരവ് എപ്പോഴായിരിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍, ദില്ലിയില്‍ നിന്നുള്ള പേസര്‍ പ്രിന്‍സ് യാദവിനെ ബാക്കപ്പ് ആയി സെലക്ടര്‍മാര്‍ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 10ന് ദില്ലിയില്‍ ടീമിനൊപ്പം ചേരുന്നതിന് മുമ്പ് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവര്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ മാച്ച്-സിമുലേഷന്‍ ടെസ്റ്റുകള്‍ക്ക് വിധേയരാകും.
അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി*, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍*, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ*, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ*.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!