അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയതിനെ മുൻ താരം കൃഷ്ണാചാരി ശ്രീകാന്ത് ചോദ്യം ചെയ്തു. മാച്ച് ഫിറ്റ്നസ് തെളിയിക്കാതെ, ഡോക്ടറുടെ സർട്ടിഫിക്കറ്റ് മാത്രം അടിസ്ഥാനമാക്കി താരത്തെ തിരഞ്ഞെടുത്തതിനെയും തുടർച്ചയായ പരിക്കുകളെയും അദ്ദേഹം വിമർശിച്ചു.

ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറെ ഉള്‍പ്പെടുത്തിയതിനെതിരെ മുന്‍ ഇന്ത്യന്‍ താരം കൃഷ്ണാചാരി ശ്രീകാന്ത്. പരിക്ക് മാറി തിരിച്ചെത്തിയ സുന്ദറിന്റെ മാച്ച് ഫിറ്റ്നസിനെയും ടീം സെലക്ഷനെയും ചോദ്യം ചെയ്ത ശ്രീകാന്ത്, ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് താരം ആഭ്യന്തര മത്സരങ്ങളെങ്കിലും കളിച്ച് ഫിറ്റ്നസ് തെളിയിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായ പരിക്കുകളും വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മോശം ഫോമും താരത്തിന്റെ താളം തെറ്റിച്ചതായും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

ശ്രീകാന്തിന്റെ വാക്കുകള്‍... ''അവന്‍ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ശ്രീലങ്കയ്ക്കെതിരായ പരമ്പര കളിച്ചിരുന്നില്ല. പിന്നെങ്ങനെയാണ് രണ്ടോ മൂന്നോ ആഴ്ചകൊണ്ട് അവന്‍ പെട്ടെന്ന് ഫിറ്റാകുന്നത്? തന്റെ മാച്ച് ഫിറ്റ്നസ് തെളിയിക്കാതെ ടീമില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്? ഇന്ത്യയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഏതെങ്കിലും തലത്തിലുള്ള മത്സരങ്ങള്‍ കളിച്ച് ഫിറ്റ്നസ് തെളിയിക്കേണ്ടതുണ്ട്. വെറുമൊരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മാത്രം വെച്ച് കളിക്കാന്‍ കഴിയില്ല. ഓരോ രണ്ടോ മൂന്നോ പരമ്പരകള്‍ കഴിയുമ്പോഴും വാഷിംഗ്ടണ്‍ സുന്ദര്‍ പരിക്കേറ്റ് പുറത്താവുകയാണ്.'' ശ്രീകാന്ത് വ്യക്തമാക്കി.

അദ്ദേഹം തുടര്‍ന്നു... ''അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലും സുന്ദര്‍ കനത്ത പ്രഹരമേറ്റുവാങ്ങിയിരുന്നു. ടി20 ഫോര്‍മാറ്റിലാണ് അവന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മികച്ച രീതിയില്‍ ചുവടുമാറ്റം നടത്തിയെങ്കിലും, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അവന് തന്റെ താളം പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരിക്കുകയാണ്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തിനിടെ സുന്ദറിന് തുടയിലെ പേശിക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിചരമത്തിലായിരുന്നു താരം.

സെപ്റ്റംബര്‍ 13-നാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്ക്ക് ദില്ലി അരുണ്‍ ജെയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാകുന്നത്. രണ്ടാം ടി20 15-നും മൂന്നാം മത്സരം 17നും നടക്കും. പരിക്ക് ഭേദപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാകും വാഷിംഗ്ടണ്‍ സുന്ദറും പേസ് ബൗളര്‍ ജസ്പ്രീത് ബുംറയും ടീമില്‍ അന്തിമമായി ഇടംപിടിക്കുക.

അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി*, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍*, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ*, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ*.

YouTube video player