'അവനൊരു പ്ലാസ്റ്റിക്ക് ക്യാപ്റ്റന്‍'; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

Published : May 03, 2026, 02:04 PM IST
Hardik Pandya Faces Ultimate MI Captaincy Test

Synopsis

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം കെ ശ്രീകാന്ത്. ഹാര്‍ദിക്കിനെ 'പ്ലാസ്റ്റിക് ക്യാപ്റ്റന്‍' എന്ന് വിശേഷിപ്പിച്ച ശ്രീകാന്ത്, മത്സരത്തിലെ താരത്തിന്റെ മെല്ലെപ്പോക്ക് ബാറ്റിംഗിനെയും കണക്കറ്റ് പരിഹസിച്ചു.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടതിന് പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത്. ഹാര്‍ദിക്കിനെ 'പ്ലാസ്റ്റിക് ക്യാപ്റ്റന്‍' എന്ന് കുറ്റപ്പെടുത്തിയ ശ്രീകാന്ത്, മത്സരത്തില്‍ താരത്തിന്റെ ബാറ്റിംഗ് സമീപനത്തെയും രൂക്ഷമായി പരിഹസിച്ചു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ആറാം നമ്പറിലിറങ്ങിയ ഹാര്‍ദിക് 23 പന്തില്‍ വെറും 18 റണ്‍സ് മാത്രമാണ് നേടിയത്. വെറും രണ്ട് ഫോറുകള്‍ മാത്രമാണ് ആ ഇന്നിംഗ്സിലുണ്ടായിരുന്നത്.

തിലക് വര്‍മ്മ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദിക് തന്റെ ഇന്നിംഗ്സില്‍ 10 ഡോട്ട് ബോളുകളാണ് കളിച്ചത്. ഒരു ഘട്ടത്തില്‍ 12.5 ഓവറില്‍ 104-4 എന്ന നിലയിലായിരുന്ന മുംബൈ, ഹാര്‍ദിക്കിന്റെ മെല്ലെപ്പോക്ക് കാരണം 159 റണ്‍സില്‍ ഒതുങ്ങിപ്പോയി. ശ്രീകാന്തിന്റെ വാക്കുകള്‍... ''ഈ കണക്കുകള്‍ നോക്കൂ, 23 പന്തില്‍ 18 റണ്‍സ്! ഇതൊക്കെ എന്ത് ബാറ്റിംഗാണ്? അവനൊരു പ്ലാസ്റ്റിക് ക്യാപ്റ്റനാണ്. എന്തായിരുന്നു ഹാര്‍ദിക്കിന്റെ ലക്ഷ്യമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ശരിയായ കണക്കുകൂട്ടലുകളോ ഗെയിം അവബോധമോ ഇല്ലാതെയാണ് അദ്ദേഹം ബാറ്റ് ചെയ്തത്.'' ശ്രീകാന്ത് പറഞ്ഞു.

മത്സരത്തിന്റെ മധ്യ ഓവറുകളില്‍ മുംബൈയുടെ റണ്‍ റേറ്റ് കുത്തനെ ഇടിഞ്ഞത് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. 12 മുതല്‍ 16 വരെയുള്ള ഓവറുകളില്‍ അഞ്ച്, നാല്, മൂന്ന് എന്നിങ്ങനെയായിരുന്നു മുംബൈയുടെ റണ്‍ റേറ്റ്. ഹാര്‍ദിക് ക്രീസിലുണ്ടായിട്ടും അവസാന ഓവറുകളില്‍ പോലും ഏഴും നാലും റണ്‍സ് മാത്രമാണ് നേടാനായത്. ഹാര്‍ദിക്കിന് സ്‌കോര്‍ ചെയ്യാന്‍ പാകത്തില്‍ ചെന്നൈ ബൗളര്‍മാര്‍ പന്തെറിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ജാമി ഓവര്‍ട്ടണ്‍ ഹാര്‍ദിക്കിന്റെ ശരീരത്തിന് ലക്ഷ്യമിട്ട് പന്തെറിഞ്ഞ് അദ്ദേഹത്തെ വരിഞ്ഞുമുറുക്കി.

ഹാര്‍ദിക്കിനെ എങ്ങനെ തളയ്ക്കണമെന്ന് ഇപ്പോള്‍ മറ്റു ടീമുകള്‍ക്ക് കൃത്യമായി അറിയാമെന്നും അവര്‍ അദ്ദേഹത്തിന്റെ ശരീരത്തെ ലക്ഷ്യമാക്കി പന്തെറിയുന്നത് തുടരുമെന്നും ശ്രീകാന്ത് നിരീക്ഷിച്ചു. ഈ സീസണില്‍ 136.45 എന്ന കുറഞ്ഞ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന ഹാര്‍ദിക്, മുംബൈയുടെ മധ്യനിരയിലെ വലിയൊരു പോരായ്മയായി മാറുകയാണ്. നാളെ വാംഖഡെ സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പ് ഹീറോകള്‍, ഐപിഎല്ലില്‍ ഫോമിന്റെ നിഴലുകളിലേക്ക്; മുംബൈ ഇന്ത്യന്‍സിന് എന്തുപറ്റി?
ഐപിഎല്‍ 2026: മുംബൈ ഇന്ത്യൻസിന്റെ ചരിത്രത്തിലെ മോശം കാലം ഹാര്‍ദിക്കിന് കീഴിലോ?