
മുംബൈ: ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശിയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഫാറൂഖ് എന്‍ജിനീയര്‍ രംഗത്ത്. 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി രോഹിത് ശര്‍മ്മയ്‌ക്കൊപ്പം സൂര്യവംശി ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്. ഒപ്പം, നിലവില്‍ ഓപ്പണറായ ശുഭ്മാന്‍ ഗില്ലിനെ നാലാം നമ്പറിലേക്ക് മാറ്റണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സിംബാബ്വെ പര്യടനത്തിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെയാണ് സൂര്യവംശിയെ ഏകദിന ടീമിലേക്ക് പരിഗണിക്കണമെന്ന ചര്‍ച്ചകള്‍ സജീവമായത്.
പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് അര്‍ദ്ധശതകങ്ങള്‍ ഉള്‍പ്പെടെ 151 റണ്‍സ് നേടിയ താരം പ്ലെയര്‍ ഓഫ് ദ സീരീസ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. സൂര്യവംശിയുടെ ഈ പ്രകടനം ഏകദിന ടീമിലേക്കുള്ള അദ്ദേഹത്തിന്റെ വഴിതുറക്കുമെന്നാണ് ഫാറൂഖ് എന്‍ജിനീയര്‍ കരുതുന്നത്. ''ഏറ്റവും അനുയോജ്യമായ സാഹചര്യം രോഹിത്തും വൈഭവ് സൂര്യവംശിയും ചേരുന്നതാണ്. ഗില്‍ ഒരു ക്ലാസ് കളിക്കാരനാണ്. നിലവിലെ ടീമിലെ ഏറ്റവും മികച്ച ബാറ്ററും അദ്ദേഹമാണ്. അതിനാല്‍ ഗില്‍ നാലാം നമ്പറിലിറങ്ങണം. ഏകദിനത്തില്‍ ഒരു ഇടത്-വലത് കൂട്ടുകെട്ടാണ് ഏറ്റവും അനുയോജ്യം. രോഹിത് കളിക്കുകയാണെങ്കില്‍, അദ്ദേഹം സൂര്യവംശിക്കൊപ്പം ഓപ്പണ്‍ ചെയ്യട്ടെ.'' അദ്ദേഹം പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു... ''സൂര്യവംശിയെ ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ സമയമാണിത്. ഏകദിനവും ടി20യും തമ്മില്‍ ആളുകള്‍ എന്തിനാണ് ഇത്രയധികം വ്യത്യാസം കല്‍പ്പിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. അവന്‍ റണ്‍സ് കണ്ടെത്തുന്നുണ്ട്, ഒപ്പം ആത്മവിശ്വാസത്തോടെയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. തോല്‍പിക്കുന്നതിനേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് വിജയിപ്പിച്ചു തരും. അത്തരം ഒരു തുടക്കം നല്‍കിക്കഴിഞ്ഞാല്‍, മറ്റ് കളിക്കാര്‍ക്ക് കളി കെട്ടിപ്പടുക്കാനും വലിയ സ്‌കോര്‍ പടുത്തുയര്‍ത്താനും സമയം ലഭിക്കും. വലിയ ഷോട്ടുകള്‍ കളിക്കുന്ന താരത്തിന്റെ ശൈലി ചിലപ്പോള്‍ പരാജയങ്ങള്‍ക്ക് കാരണമായാലും, ടീമിന് അത് വലിയ വിജയങ്ങള്‍ സമ്മാനിക്കും.'' അദ്ദേഹം പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിനോട് സൂര്യവംശിയെ ഉപമിച്ച ഫാറൂഖ് എന്‍ജിനീയര്‍, താരത്തിന്റെ സ്വാഭാവികമായ കളി ശൈലി മാറ്റാന്‍ ശ്രമിക്കരുതെന്ന് ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. 2027-ലെ ഏകദിന ലോകകപ്പിന് വളരെ മുമ്പ് തന്നെ ഇന്ത്യയുടെ ഏകദിന സജ്ജീകരണങ്ങള്‍ ആരംഭിക്കണമെന്നും, സൂര്യവംശിയുടെ സ്‌ഫോടനാത്മകമായ തുടക്കങ്ങള്‍ ബാറ്റിംഗ് നിരയ്ക്ക് പുതിയ മാനം നല്‍കുമെന്നും എന്‍ജിനീയര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!