'ആ വാദം ശരിയാവില്ല'; ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയില്‍ ശാസ്ത്രിയെ പ്രതിരോധിച്ച് മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Aug 6, 2022, 12:02 AM IST
Highlights

റാങ്കിംഗില്‍ മുന്നിലുള്ള ആറ് ടീമുകള്‍ മാത്രം മുഖ്യധാരയില്‍ മതിയെന്നായിരുന്നു ശാസ്ത്രി നിര്‍ദേശിച്ചത്. അത്തരത്തില്‍ മത്സരങ്ങള്‍ ക്രമീകരിച്ചില്ലെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിന് ആയുസുണ്ടാവില്ലെന്നും ശാസ്ത്രി വാദിച്ചു.

ദില്ലി: മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി (Ravi Shastri) ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra) . മുന്‍നിര ടീമുകള്‍ മാത്രം ടെസ്റ്റ് ക്രിക്കറ്റിന്റെ മുഖ്യധാരയില്‍ മതിയെന്ന പരാമര്‍ശമാണ് ചോപ്ര ചോദ്യം ചെയ്യുന്നത്. ശാസ്ത്രിയുടെ നിര്‍ദേശങ്ങള്‍ ഒരുതരത്തിലും ക്രിക്കറ്റിന് ഗുണം ചെയ്യില്ലെന്നാണ് ചോപ്ര പറയുന്നത്. മാത്രമല്ല, ഇത്തരം വിശദീകരണങ്ങള്‍ ക്രിക്കറ്റിനെ നശിപ്പിക്കുമെന്നും ചോപ്ര പറയുന്നു.

റാങ്കിംഗില്‍ മുന്നിലുള്ള ആറ് ടീമുകള്‍ മാത്രം മുഖ്യധാരയില്‍ മതിയെന്നായിരുന്നു ശാസ്ത്രി നിര്‍ദേശിച്ചത്. അത്തരത്തില്‍ മത്സരങ്ങള്‍ ക്രമീകരിച്ചില്ലെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിന് ആയുസുണ്ടാവില്ലെന്നും ശാസ്ത്രി വാദിച്ചു. എന്നാല്‍ ചോപ്ര ഈ പ്രസ്താവനക്കെതിരെ രംഗത്ത് വന്നു. എല്ലാ ടീമുകള്‍ക്കും കളിക്കുവാന്‍ പാകത്തില്‍ ടെസ്റ്റ് മത്സരങ്ങള്‍ ക്രമീകരിക്കണമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ചോപ്രയുടെ വാക്കുകള്‍... ''റാങ്കിംഗില്‍ മുന്നിലുള്ള ആറ് ടീമുകള്‍ മത്രം ടെസ്റ്റ് കളിച്ചാല്‍ മതിയെന്ന് തീരുമാനിച്ചാല്‍ അത് ക്രിക്കറ്റിന് ഗുണം ചെയ്യില്ല. ടെസ്റ്റ് ക്രിക്കറ്റ് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എക്കാലത്തും ടെസ്റ്റ് നിലനില്‍ക്കണം. കാരണം ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പട്ടെതാണത്.'' ചോപ്ര പറഞ്ഞു.

''ആറ് ടീമുകളെ മാത്രം ടെസ്റ്റ് കളിപ്പിച്ചാല്‍ ബാക്കിയുള്ളവര്‍ എന്തു ചെയ്യും? അവര്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അവര്‍ ഒരുപക്ഷേ പിന്നീട് ഉയര്‍ന്നുവന്നേക്കും. മുമ്പ് അങ്ങെയാണ് മറ്റു ടീമുകള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്.'' ചോപ്ര പറഞ്ഞു. രാജ്യാന്തര ടെസ്റ്റ്  ക്രിക്കറ്റില്‍ കളിക്കേണ്ട ആ ആറു ടീമുകളെ ആരാണ് തിരഞ്ഞെടുക്കുകയെന്നും ചോപ്ര ചോദിച്ചു.

ഏകദിന മത്സരങ്ങളെ കുറിച്ചും ചോപ്ര സംസാരിച്ചു. ''ഏകദിന ക്രിക്കറ്റ് ഐസിസി ടൂര്‍ണമെന്റിലേക്ക് മാത്രം ഒതുങ്ങണമെന്ന നിര്‍ദേശം ഞാന്‍ കണ്ടിരുന്നു. പക്ഷേ, അങ്ങനെയെങ്കില്‍ ഈ ഫോര്‍മാറ്റ് നിലനിര്‍ത്തരുത് ഒഴിവാക്കുന്നതാണ് നല്ലത്.'' ചോപ്ര പറഞ്ഞു.
 

click me!