IPL 2022 : 16 കോടിക്ക് ഒരുതാരം പിഎസ്എല്‍ കളിക്കുന്നത് കാണില്ല! റമീസ് രാജയ്ക്ക് ആകാശ ചോപ്രയുടെ മറുപടി

Published : Mar 17, 2022, 05:49 PM IST
IPL 2022 : 16 കോടിക്ക് ഒരുതാരം പിഎസ്എല്‍ കളിക്കുന്നത് കാണില്ല! റമീസ് രാജയ്ക്ക് ആകാശ ചോപ്രയുടെ മറുപടി

Synopsis

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (Pakistan Super Legaue) താരലേലമുണ്ടാവുകയും പ്രതിഫലം ഉയര്‍ത്തുകയും ചെയ്താല്‍ ആരാണ് ഐപിഎല്‍ കളിക്കാന്‍ പോകുന്നതെന്ന് കാണാമെന്നാണ് രാജ പറഞ്ഞത്. പിസിബിയെ കര കയറ്റാന്‍ പിഎസ്എല്ലിന് സാധിക്കുമെന്നാണ് റമീസിന്റെ വിലയിരുത്തല്‍.

ദില്ലി: അടുത്തിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB) ചെയര്‍മാന്‍ റമീസ് രാജയുടെ (Ramiz Raja) വാക്കുകള്‍ ചര്‍ച്ചയായിരുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (Pakistan Super Legaue) താരലേലമുണ്ടാവുകയും പ്രതിഫലം ഉയര്‍ത്തുകയും ചെയ്താല്‍ ആരാണ് ഐപിഎല്‍ കളിക്കാന്‍ പോകുന്നതെന്ന് കാണാമെന്നാണ് രാജ പറഞ്ഞത്. പിസിബിയെ കര കയറ്റാന്‍ പിഎസ്എല്ലിന് സാധിക്കുമെന്നാണ് റമീസിന്റെ വിലയിരുത്തല്‍. നിലവില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍ പിഎസ്എല്ലും ഐസിസി ഫണ്ടിങ്ങുമാണ്. 

എന്നാല്‍ രാജയുടെ പരാമര്‍ശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ചോപ്രയുടെ വാക്കുകള്‍... ''പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ 16 കോടിക്ക് ഒരുതാരം കളിക്കുന്നത് കാണാന്‍ കഴിയില്ല. ഡ്രാഫ്റ്റിന് പകരം താരലേലം നടത്തിയാലും അവിടെ ഒന്നും സംഭവിക്കില്ല. ക്രിസ് മോറിസിന് കഴിഞ്ഞ സീസണില്‍ 16 കോടിയാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ ഒരു ലഭിക്കുന്ന പ്രതിഫലം മറ്റു ലീഗുകളിലെ താരങ്ങളുടെ മുഴുവന്‍ വരുമാനത്തേക്കാള്‍ കൂടിയതാണ്.'' ചോപ്ര മറുപടി നല്‍കി.

ചാനല്‍ റൈറ്റ്‌സിനെ കുറിച്ചും ചോപ്ര സംസാരിച്ചു. ''130 കോടി ജനങ്ങളുണ്ട് ഇന്ത്യയില്‍. രാജ്യത്തിന്റെ ഏറ്റവും വലിയ ആസ്തി അതാണ്, മറ്റാര്‍ക്കും അതില്ല. മീഡിയ റൈറ്റ്‌സിലൂടെ കോടിക്കണക്കിന് രൂപയാണ് ലഭിക്കുന്നത്. എത്ര കോടിക്കാണ് ഫ്രാഞ്ചൈസികള്‍ വില്‍ക്കുന്നതെന്നും താരങ്ങളെ ടീമിലെത്തിക്കാന്‍ എത്ര തുക ഫ്രാഞ്ചൈസികളുടെ കീശയിലുണ്ടെന്നും നിങ്ങള്‍ നോക്കണം. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണ്.'' ചോപ്ര പറഞ്ഞു.

അതേസമയം കൂടുതല്‍ പണമിറക്കാനുള്ള റമീസ് രാജയുടെ നിര്‍ദേശത്തോട് പിഎസ്എല്‍ ഉടമകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. പാകിസ്ഥാന്റെ ക്രിക്കറ്റ് ഇക്കണോമി വളരുമ്പോള്‍ നമ്മളോടുള്ള ബഹുമാനവും കൂടുമെന്നും രാജ വ്യക്തമാക്കിയിരുന്നു. നേരത്തെ, ഇന്ത്യയും പാകിസ്ഥാനും കളിക്കുന്ന ചതുര്‍രാഷ്ട്ര പരമ്പരയ്ക്ക് ഗാംഗുലിയെ കാണുമെന്നും രാജ വ്യക്തമാക്കിയിരുന്നു. 

എല്ലാ വര്‍ഷവും ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ് സംഘടിപ്പിക്കാമെന്ന ആശയമാണ് അദ്ദേഹം പങ്കുവെക്കുന്നത്. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെങ്കിലും വര്‍ഷം തോറും നടത്തുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിലൂടെ ഇരു ടീമുകള്‍ക്കും പരസ്പരം മത്സരിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ  വാദം.

എന്നാല്‍ ഈ നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ മാസം തള്ളിക്കളഞ്ഞതാണെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിനെത്തുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും റമീസ് രാജ വ്യക്തമാക്കി.

ഇന്ത്യ, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവര്‍ഷവും ചതുര്‍രാഷ്ട്ര  ടൂര്‍ണമെന്റ് നടത്താമെന്ന ഓരോ വര്‍ഷവും ആതിഥേയര്‍ മാറി മാറി വരുന്ന രീതിയില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ നിന്നുള്ള ലാഭവിഹിതം  ഐസിസിയിലെ മറ്റ് അംഗരാജ്യങ്ങള്‍ക്കും നല്‍കാമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഐസിസിക്ക് മുമ്പാകെയും നിര്‍ദേശം വെച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം