196 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി സഞ്ജു കാണിച്ച പക്വതയെയാണ് ഗംഭീർ എടുത്തുപറഞ്ഞത്. സഞ്ജു ഒരു ലോകോത്തര കളിക്കാരനാണ്. റൺ വേട്ടയിൽ അദ്ദേഹം ഇന്നിങ്‌സ് പടുത്തുയർത്തിയ രീതി മികച്ചതായിരുന്നു.

കൊൽക്കത്ത: ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണിനെ പ്രശംസ കൊണ്ട് മൂടി ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജുവിന്‍റെ പ്രകടനം ലോകോത്തരമാണെന്നും സമ്മർദ്ദഘട്ടത്തിൽ താരം തന്‍റെ പൂർണ്ണ മികവ് പുറത്തെടുത്തെന്നും ഗംഭീർ പറഞ്ഞു.

196 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി സഞ്ജു കാണിച്ച പക്വതയെയാണ് ഗംഭീർ എടുത്തുപറഞ്ഞത്. സഞ്ജു ഒരു ലോകോത്തര കളിക്കാരനാണ്. റൺ വേട്ടയിൽ അദ്ദേഹം ഇന്നിങ്‌സ് പടുത്തുയർത്തിയ രീതി മികച്ചതായിരുന്നു. അനാവശ്യ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കാതെ ക്രീസിൽ നിലയുറപ്പിച്ച് സ്മാർട്ടായി കളിക്കാനാണ് അവന്‍ ശ്രമിച്ചത്. സാധാരണ ക്രിക്കറ്റ് ഷോട്ടുകള്‍ മാത്രമാണ് അവന്‍ കളിച്ചത്. അതാണ് അവന്‍റെ പ്രതിഭ. സിംബാബ്‌വെക്കെതിരായ മത്സരത്തിലും വലിയ സ്കോര്‍ നേടിയില്ലെങ്കിലും സഞ്ജു തന്‍റെ റോൾ ഭംഗിയായി നിർവഹിച്ചിരുന്നു- ഗംഭീർ വ്യക്തമാക്കി.

മത്സരങ്ങളിലെ തീരുമാനങ്ങൾ എടുക്കുന്നതിൽ കണക്കുകള്‍ക്ക് അമിത പ്രാധാന്യം നൽകുന്നതിനെ ഗംഭീർ എതിർത്തു. ഞാൻ കണക്കുകളില്‍ വിശ്വസിക്കുന്നില്ല. ടി20 ക്രിക്കറ്റ് എന്നത് സാഹചര്യത്തിനനുസരിച്ചുള്ള തീരുമാനങ്ങളും മാനസിക കരുത്തുമാണ്. വലിയ മത്സരങ്ങളിൽ കണക്കുകളേക്കാൾ പ്രധാനം മൈതാനത്തെ ബുദ്ധിയാണ്, ഗംഭീർ കൂട്ടിച്ചേർത്തു.

സഞ്ജുവിന്‍റെ 97 റൺസിനൊപ്പം തന്നെ മറ്റ് താരങ്ങളുടെ പ്രകടനവും വിജയത്തിൽ നിർണ്ണായകമായെന്ന് പരിശീലകൻ ഓർമ്മിപ്പിച്ചു. അവസാന ഓവറുകളിൽ ശിവം ദുബെ നേടിയ രണ്ട് ബൗണ്ടറികൾ സഞ്ജുവിന്‍റെ ഇന്നിങ്‌സിനോളം തന്നെ പ്രധാനമാണ്. തിലക് നേടിയ 27 റണ്‍സും അതുപോലെ പ്രധാനമാണ്. ടീമിലെ ഓരോ ചെറിയ സംഭാവനകളും ചേരുമ്പോഴാണ് വലിയ വിജയങ്ങൾ ഉണ്ടാകുന്നതെന്ന തന്‍റെ ഫിലോസഫി ഗംഭീര്‍ ഒരിക്കൽ കൂടി ആവര്‍ത്തിച്ചു.

ബൗളിംഗ് നിരയില്‍ ബുമ്ര എപ്പോഴും ടീമിന്‍റെ വിശ്വസ്തനായ ബൗളറാണ്. പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും റൺസ് നിയന്ത്രിച്ചത് ഗുണകരമായി. അക്‌സർ പട്ടേൽ പവർപ്ലേയിൽ പന്തെറിഞ്ഞ രീതി പ്രശംസനീയമാണ്. സഞ്ജുവും ഇഷാൻ കിഷനും അടങ്ങുന്ന വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ നിര ഇന്ത്യയുടെ കരുത്താണെന്നും ഭാവിയിലും ഇവര്‍ ഇന്ത്യക്കായി മികവ് കാട്ടുമെന്നും ഗംഭീർ പറഞ്ഞു.

വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പും സഞ്ജുവിനെ അഭിനന്ദിച്ചു. സഞ്ജുവിന്റേത് ഒരു 'എ പ്ലസ്' ഇന്നിങ്‌സാണെന്നും പരിചയസമ്പത്തുള്ള ഒരു താരം എങ്ങനെ ചേസിംഗ് നിയന്ത്രിക്കണം എന്നതിന് ഉദാഹരണമാണ് ഈ പ്രകടനമെന്നും ഹോപ്പ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക