ശ്രീലങ്ക ആദ്യം ടി20 ലോകകപ്പിന് യോഗ്യത ഉറപ്പാക്കാന്‍ നോക്കൂ! രണതുംഗയ്ക്ക് മുന്‍ ഇന്ത്യന്‍ താരത്തിന്റെ മറുപടി

By Web TeamFirst Published Jul 4, 2021, 7:49 PM IST
Highlights

പ്രധാന താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ രണ്ടാംനിര ടീമുമായാണ് ഇന്ത്യ ശ്രീലങ്കയിലെത്തുന്നത്. ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. രവി ശാസ്ത്രിയുടെ അഭാവത്തില്‍ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പരിശീലകന്‍.

കൊളംബൊ: ഈ മാസം 13നാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് തുടക്കമാവുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യന്‍ ശ്രീലങ്കയില്‍ കളിക്കുക. പ്രധാന താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ രണ്ടാംനിര ടീമുമായാണ് ഇന്ത്യ ശ്രീലങ്കയിലെത്തുന്നത്. ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. രവി ശാസ്ത്രിയുടെ അഭാവത്തില്‍ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പരിശീലകന്‍.

ഇന്ത്യ രണ്ടാംനിര ടീമിനെ അയക്കുന്നതില്‍ മുന്‍ ശ്രീലങ്കന്‍ താരം അര്‍ജുന രണതുംഗ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര. അദ്ദേഹത്തിന്റെ വാക്കുകള്‍.... ''ശരിയാണ് ഇന്ത്യ പ്രധാനടീമുമായല്ല ലങ്കയിലെത്തുന്ന്. ജസ്പ്രിത് ബുമ്ര, വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നീ താരങ്ങളൊന്നും ഇന്ത്യന്‍ ടീമിനൊപ്പമില്ല. എന്നാല്‍ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവനെടുത്താല്‍ ഒന്നാകെ 471 മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുണ്ട്. ഇനി ശ്രീലങ്കയുടെ പ്ലയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ശ്രീലങ്ക തങ്ങളുടെ ടീമിനുള്ളിലേക്ക് നോക്കുന്നത് ഒന്ന് നന്നായിരിക്കും. തുറന്ന് പറയാലോ, അഫ്ഗാനിസ്ഥാന് പോലും യോഗ്യത മത്സരം കളിക്കാതെ ടി20 ലോകകപ്പിനെത്താം. എന്നാല്‍ ശ്രീലങ്ക കളിക്കണം. ശ്രീലങ്കന്‍ ക്രിക്കറ്റ് ഇപ്പോള്‍ അപകടകരമായ അവസ്ഥയിലൂടെയാണ് പോയികൊണ്ടിരിക്കുന്നത്.'' ചോപ്ര പറഞ്ഞു. 

രണതുംഗയുടെ പ്രസ്താവനക്കെതിരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ 20 അംഗ സ്‌ക്വാഡില്‍ 14 താരങ്ങള്‍ മൂന്ന് ഫോര്‍മാറ്റിലും കളിച്ചവരാണെന്നാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്. ശക്തരായ ടീമിനെയാണ് ബിസിസിഐ വിട്ടതെന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തിന് മറുപടി നല്‍കി.

click me!