അവനെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്നൊഴിവാക്കിയത് അത്ഭുതപ്പെടുത്തി: തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Sep 10, 2021, 3:28 PM IST
Highlights

ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതും ചാഹല്‍ തന്നെ. 63 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

ദില്ലി: ഇന്ത്യയുടെ മുന്‍നിര സ്പിന്നര്‍മാരില്‍ ഒരാളാണ് യൂസ്‌വേന്ദ്ര ചാഹല്‍. പ്രത്യേകിച്ച ടി20 ഫോര്‍മാറ്റില്‍. ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതും ചാഹല്‍ തന്നെ. 63 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേര് ടീമില്ല. വരുണ്‍ ചക്രവര്‍ത്തി, ആര്‍ അശ്വിന്‍, രാഹുല്‍ ചാഹര്‍, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലിടം നേടിയത്.

ചാഹലിനെ പുറത്താക്കാനുള്ള തീരുമാനം പലരിലും ഞെട്ടലുണ്ടാക്കിയിരുന്നു. മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്രയും ഇതുതന്നെയാണ് പറയുന്നത്. ചാഹലിനെ പുറത്തിരുത്താനുള്ള തീരുമാനം അമ്പരപ്പിച്ചെന്ന് ചാഹല്‍ ചോപ്ര വ്യക്തമാക്കി. ''ചാഹലിനെ ഒഴിവാക്കാനുള്ള തീരുമാനം ശരിക്കും അമ്പരപ്പിച്ചു. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറാണ് അദ്ദേഹം.

അദ്ദേഹം ടീമിലുണ്ടാവേണ്ടതായിരുന്നു. റാഷിദ് ഖാന്‍ കഴിഞ്ഞ ലോകത്തെ മികച്ച ലെഗ്‌സ്പിന്നറാണ് ചാഹല്‍. അഞ്ച് സ്പിന്നര്‍മാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. എന്നിട്ടും അതിലൊന്നായിട്ട് പോലും ചാഹലിനെ പരിഗണിച്ചില്ല. അഞ്ച് സ്പിന്നര്‍മാര്‍ തന്നെ ടീമില്‍ വേണമോയെന്നുള്ളത് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു ടൂര്‍മെന്റിന് ഇത്രയധികം സ്പിന്നര്‍മാരെ ആവശ്യമില്ല.'' ചോപ്ര വ്യക്തമാക്കി.

അതേസമയം ദീപക് ചാഹറിനെ പ്രധാന ടീമില്‍ ഉള്‍പ്പെടുത്താതിനെ കുറിച്ചും ചോപ്ര സംസാരിച്ചു. ''പുതിയ പന്തില്‍ വിക്കറ്റ് സമ്മാനിക്കാല്‍ കെല്‍പ്പുള്ള താരമാണ് ചാഹര്‍. അയാളെ ടീമില്‍ ഉള്‍പ്പെടുത്തതും ശരിയായില്ല.'' ചോപ്ര വ്യക്തമാക്കി.

ഒക്ടോബര്‍ 23-നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരമാണ് ആദ്യം. പിന്നാലെ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ടിനെ നേരിടും. 24ന് പാകിസ്ഥാനെതിരായ മത്സരത്തോടെ ഇന്ത്യ 2021 ടി20 ലോകകപ്പില്‍ അരങ്ങേറും.

click me!