'ധോണിക്ക് ചെയ്യാന്‍ മാത്രമൊന്നുമില്ല'; ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മെന്റര്‍ സ്ഥാനത്തെ കുറിച്ച് ഗംഭീര്‍

By Web TeamFirst Published Sep 10, 2021, 2:51 PM IST
Highlights

പലരും മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ വാക്കുകള്‍ക്ക് വേണ്ടി കാത്തിരുന്നിരുന്നു. ധോണിയോട് അത്രത്തോളം മതിപ്പൊന്നും ഗംഭീറിനില്ലെന്ന് പരസ്യമായ രഹസ്യമാണ്.

ദില്ലി: കഴിഞ്ഞ ദിവസമാണ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ മെന്ററായി പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപനത്തേക്കാള്‍ ആരാധകര്‍ ഏറ്റെടുത്ത വാര്‍ത്തയായിരുന്നു അത്. തീരുമാനം ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് പലരും അഭിപ്രായപ്പെട്ടു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉത്തരവാദിത്തം ഏറ്റെടുത്ത ധോണിക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു.

പലരും മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ വാക്കുകള്‍ക്ക് വേണ്ടി കാത്തിരുന്നിരുന്നു. ധോണിയോട് അത്രത്തോളം മതിപ്പൊന്നും ഗംഭീറിനില്ലെന്ന് പരസ്യമായ രഹസ്യമാണ്. ഗംഭീര്‍ ധോണിയുടെ പുതിയ പോസ്റ്റിനെ കുറിച്ച് പറയുകയും ചെയ്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു ഗംഭീര്‍.

അദ്ദേഹം വിവരിക്കുന്നതിങ്ങനെ... ''ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് മോശം റെക്കോഡൊന്നുമില്ല. മോശം റെക്കോഡാണ് ഉള്ളതെങ്കില്‍ മറ്റൊരാളുടെ സഹായം തേടാമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ധോണിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല. നന്നായി കളിക്കുന്ന ടീമില്‍ ഒരു സുരക്ഷിത സ്ഥാനം മാത്രമാണ് ധോണിക്കുള്ളത്. 

എന്നാല്‍ ധോണിയുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും. സമ്മര്‍ദ്ദങ്ങളെ എങ്ങനെ മറികടക്കണമെന്ന് ധോണിക്ക് യുവതാരങ്ങളെ പഠിപ്പിക്കാനാവും. ധോണിക്ക് ടീമില്‍ ചെയ്യാനുള്ളത് അതുമാത്രമാണ്. രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ ആദ്യമായി ലോകകപ്പ് കളിക്കുന്നവരാണ്. ഇവരെ തന്റെ അനുഭവസമ്പത്തിലൂടെ പ്രചോദിപ്പിക്കാന്‍ ധോണിക്കാവും.'' ഗംഭീര്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 23-നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരമാണ് ആദ്യം. പിന്നാലെ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ടിനെ നേരിടും. 24ന് പാകിസ്ഥാനെതിരായ മത്സരത്തോടെ ഇന്ത്യ 2021 ടി20 ലോകകപ്പില്‍ അരങ്ങേറും.

click me!