ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തുക എളുപ്പമല്ല; ദേവ്ദത്തിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ സെലക്റ്റര്‍

By Web TeamFirst Published May 9, 2021, 9:00 PM IST
Highlights

താരം എന്ന് ടെസ്റ്റ് ടീമിലേക്കെത്തുമെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സെലക്റ്റര്‍ എംഎസ്‌കെ പ്രസാദ്. ടെസ്റ്റ് ടീമിലെത്താന്‍ ഒരുവര്‍ഷം കൂടി താരം കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രസാദ് പറയുന്നത്.
 

ഹൈദരാബാദ്: ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തകര്‍പ്പന്‍ ഫോമിലായിരുന്നു ദേവ്ദത്ത് പടിക്കല്‍. എപ്പോള്‍ വേണമെങ്കിലും ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് വിളി പ്രതീക്ഷിക്കാം. ടി20 ലോകകപ്പ് അടുത്തുനില്‍ക്കെ ദേവ്ദത്ത് ടീമില്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. 

താരം എന്ന് ടെസ്റ്റ് ടീമിലേക്കെത്തുമെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സെലക്റ്റര്‍ എംഎസ്‌കെ പ്രസാദ്. ടെസ്റ്റ് ടീമിലെത്താന്‍ ഒരുവര്‍ഷം കൂടി താരം കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രസാദ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തുക എളുപ്പമല്ല. ഒരു സീസണ്‍ കൂടി ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്താലെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കൂ. ഇന്ത്യയുടെ ഭാവി താരമാണ് ദേവ്ദത്ത് എന്നതില്‍ സംശയമൊന്നുമില്ല. 

എന്നാല്‍ ടെസ്റ്റില്‍ കളിക്കണമെങ്കില്‍ കൂടുതല്‍ മികവ് പുലര്‍ത്തേണ്ടതുണ്ട്. വരുന്ന ആഭ്യന്തര സീസണിലൂടെ ടെസ്റ്റ് ക്രിക്കറ്റിലും സ്ഥാനം നേടാന്‍ ദേവ്ദത്തിന് കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.'' മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ പ്രസാദ് വ്യക്തമാക്കി.

ഈ ഐപിഎല്‍ സീസണില്‍ ആറ് മത്സരങ്ങളില്‍ 195 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ഒരു സെഞ്ചുറിയും ഉള്‍പ്പെടുന്നതാണിത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ സ്റ്റാന്‍ഡ്ബൈ താരമായെങ്കിലും താരമുണ്ടാവുമെന്ന് പലരും കരുതി. എന്നാല്‍ ദേവ്ദത്ത് സ്ഥാനം ലഭിച്ചില്ല.

click me!