ഭീതിപ്പെടുത്തുന്ന അനുഭവമായിരുന്നത്; കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ കുറിച്ച് അശ്വിന്‍

By Web TeamFirst Published May 9, 2021, 5:47 PM IST
Highlights

ഐപിഎല്ലിനിടെ അശ്വിന്റെ മാതാപിതാക്കള്‍, മക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍, മറ്റ് രണ്ട് ബന്ധുക്കള്‍ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് അശ്വിന്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.
 

ചെന്നൈ: കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ഭീകരാവസ്ഥ വ്യക്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഐപിഎല്ലിനിടെ അശ്വിന്റെ മാതാപിതാക്കള്‍, മക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍, മറ്റ് രണ്ട് ബന്ധുക്കള്‍ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് അശ്വിന്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.

വല്ലാതെ ഭീതിപ്പെടുത്തുന്ന അവസ്ഥയായിരുന്നു അതെന്നാണ് അശ്വിന്‍ പറയുന്നത്. ഡല്‍ഹി കാപിറ്റല്‍സ് താരമായ അശ്വിന്റെ വാക്കുകള്‍... ''ബന്ധുക്കള്‍ക്ക് കൊവിഡ് ബാധിച്ച വിവരം എന്നെ അറിയിച്ചിരുന്നില്ല. ഐപിഎല്ലിനിടെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയായിരുന്നു അത്. ആദ്യത്തെ അഞ്ച് ദിവസം അച്ഛന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഓക്‌സിജന്‍ ലെവല്‍ 85ലും താഴേയായി. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് ഓക്‌സിജന്‍ ലെവല്‍ നേരെയായത്.

അച്ഛന്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതുകൊണ്ടാണ് അദ്ദേഹത്തെ തിരികെ കിട്ടിയത്. മക്കള്‍ക്ക് കടുത്ത പനിയും ഡയേറിയയുമായിരുന്നു. മൂന്നോ നാലോ ദിവസം തുടര്‍ന്നു. മരുന്ന് കഴിച്ചിട്ടും പനി മാറാതെ വന്നപ്പോള്‍ ഭാര്യയ്ക്കും പേടിയായി. ഇതിനെല്ലാമുള്ള പരിഹാരമാര്‍ഗം വാക്‌സിന്‍ സ്വീകരിക്കുകയെന്നതാണ്. എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരായിരിക്കൂ.'' അശ്വിന്‍ വ്യക്തമാക്കി.

ഇപ്പോള്‍ ചെന്നൈയിലാണ് അശ്വിന്‍. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ട് പര്യടനവുമാണ് ഇനി ഇന്ത്യന്‍ സ്പിന്നറുടെ മുന്നിലുള്ളത്.

click me!