'സഞ്ജു വെല്ലുവിളിയായേക്കും, എങ്കിലും ഞാനവന്റെ ആരാധകന്‍'; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി മുന്‍ കിവീസ് താരം

By Web TeamFirst Published Jul 21, 2022, 4:22 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ സൂര്യകുമാറിന് വലിയ സ്‌കോറുകള്‍ നേടാനായിരുന്നില്ല. എന്നാല്‍ വിന്‍ഡീസിനെതിരെ ആരംഭിക്കുന്ന ഏകദിന- ടി20 പരമ്പരകളില്‍ സൂര്യയുണ്ട്. ഇംഗ്ലണ്ടിലെ ക്ഷീണം വിന്‍ഡീസില്‍ തീര്‍ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ വിശ്വസ്ഥനായ താരമാണ് സൂര്യകുമാര്‍ യാദവ്. നിശ്ചത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നത് ചിന്തിക്കാന്‍ പോലുമാവില്ല. അടുത്തിടെ ഇംഗ്ലണ്ടുമായി നടന്ന ടി20 പരമ്പരയില്‍ കന്നി സെഞ്ച്വറിയും സൂര്യകുമാര്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ സൂര്യയെ വിളിക്കുന്നത്. ഇപ്പോള്‍ താരത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ന്യൂസിലലന്‍ഡ് താരവും ഇപ്പോള്‍ കമന്റേറ്ററുമായ സ്‌കോട്ട് സ്‌റ്റൈറിസ്. 

ഞാന്‍ സൂര്യയുടെ ആരാധകനാണെന്നാണ് സ്‌റ്റൈറിസ് പറയുന്നത്. ''ഒരുകാര്യം എനിക്ക് ഉറപ്പാണ്, എന്നെക്കാള്‍ സൂര്യയെ ആരാധിക്കുന്ന ചുരുക്കം പേരെ ലോകത്ത് കാണൂ. അവന്‍ ടീമിലില്ലെങ്കില്‍ എതിര്‍താരങ്ങള്‍ ആനന്ദനൃത്തം ചവിട്ടും. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് തര്‍ക്കമില്ലാതെ തിരഞ്ഞെടുക്കപ്പെടേണ്ട താരമാണ് സൂര്യകുമാര്‍. ഇക്കാര്യം എല്ലാവരും സമ്മതിക്കും. മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കരുത്ത് സൂര്യകുമാറിനുണ്ട്. അത്തരം താരങ്ങളെയാണ് വേണ്ടതും.'' സ്റ്റൈറിസ് പറഞ്ഞു.

സൂര്യയെ നാലാം നമ്പറില്‍ കളിപ്പിക്കണമമെന്നും സ്റ്റൈറിസ് നിര്‍ദേശിച്ചു. ''ഇന്ത്യക്കു നിലവില്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ട്. നാലാമതായി സൂര്യ കളിക്കണം. എന്നാല്‍ ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവരില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടാന്‍ സാധ്യതയുണ്ട്.'' സ്റ്റൈറിസ് വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ സൂര്യകുമാറിന് വലിയ സ്‌കോറുകള്‍ നേടാനായിരുന്നില്ല. എന്നാല്‍ വിന്‍ഡീസിനെതിരെ ആരംഭിക്കുന്ന ഏകദിന- ടി20 പരമ്പരകളില്‍ സൂര്യയുണ്ട്. ഇംഗ്ലണ്ടിലെ ക്ഷീണം വിന്‍ഡീസില്‍ തീര്‍ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിജയങ്ങളില്‍ താരം വലിയ പങ്കുവഹിച്ചിരുന്നു.

നാളെയാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. രണ്ടും മൂന്നും (24, 27) ഏകദിനങ്ങള്‍ ഇതേ വേദിയില്‍ തന്നെ നടക്കും. ശേഷം അഞ്ച് ടി20 മത്സരങ്ങളിലും ഇരുവരും നേര്‍ക്കുനേര്‍ വരും.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്ാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
 

click me!